
ന്യൂഡൽഹി: മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് സംസ്ഥാനത്തിനുള്ള ഫണ്ടുകൾ വിനിയോഗിക്കാതെ സ്വപ്നംകണ്ടും ഉറങ്ങിയും സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിച്ചും നേരം കളഞ്ഞെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് യോഗിയുടെ പരിഹാസം.
അഖിലേഷ് യാദവ് 12 മണിക്കൂർ ഉറങ്ങി ആറുമണിക്കൂർ മാത്രം പ്രവർത്തിക്കുന്ന ആളാണ്. സമാജ്‌വാദി പാർട്ടിയും മറ്റും ന്യൂനപക്ഷങ്ങളോടുകാണിച്ച വിവേചനം ജനാധിപത്യത്തിലെ വലിയ പരിഹാസമായി മാറി. മുഖം നോക്കിയും ജാതി, മത, വർഗ വിവേചനത്തോടെയുമാണ് അവർ ഭരിച്ചത്. നരേന്ദ്രമോദിയുടെ 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് തന്റെ സർക്കാർ ഭരിച്ചതെന്ന് യോഗി പറഞ്ഞു.
യു.പിയിൽ 80 ശതമാനക്കാരും 20 ശതമാനക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന തന്റെ പ്രസ്താവന ഹിന്ദു-മുസ്ളീം വിഭാഗീയതയെന്ന തരത്തിൽ പ്രചരിപ്പിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വികസനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്നാണ് താനുദ്ദേശിച്ചത്. 80 ശതമാനംപേർ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെയും സുരക്ഷാ അജണ്ടയെയും അനുകൂലിക്കുമ്പോൾ 20 ശതമാനം എല്ലാം കണ്ണടച്ച് എതിർക്കുന്ന, കുറ്റകൃത്യങ്ങളെയും കള്ളപ്പണത്തെയും പിന്തുണയ്ക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.