
കൊച്ചി: ഡിസംബർ 31ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസ് 261.01 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 483.19 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ ആകെ ആസ്തി മൂല്യം 10 ശതമാനം വർദ്ധിച്ച് 30,407.13 കോടി രൂപയിലെത്തി. മുൻവർഷമിത് 27,642.48 കോടി രൂപയായിരുന്നു. രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോൾ 28,421.63 കോടി രൂപയായിരുന്ന ആസ്തി മൂല്യത്തിൽ 6.99 ശതമാനം വർദ്ധന രേഖപ്പെടുത്തി.
മൂന്നാം പാദത്തിൽ ഒമിക്രോൺ വ്യാപനം മൂലമുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും ബിസിനസിൽ വളർച്ച നേടാൻ കഴിഞ്ഞു . പ്രധാന ബിസിനസായ സ്വർണ്ണ വായ്പയിലും വാഹന, ഭവന വായ്പാ വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാർ പറഞ്ഞു.
മണപ്പുറത്തിനു കീഴിലുള്ള ആശിർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 32.34 ശതമാനം വർദ്ധിച്ച് 7,090.15 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇത് 5,357.71 കോടിയായിരുന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1420 ശാഖകളുള്ള ആശീർവാദ് മൈക്രോഫിനാൻസ് 25.9 ലക്ഷം ഉപഭോക്താക്കളുമായി ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാൻസ് കമ്പനിയാണ്.