rape-case

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകൽ 87കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് പരാതി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡൽഹി തിലക് നഗറിലാണ് സംഭവം.

മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകൾ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്. അജ്ഞാതനായ ഒരാൾ ഉച്ചയ്ക്ക് 12.30ഓടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നുംക്രൂരമായി പീഡിപ്പിച്ചെന്നുമാണ് വിവരം.

1.30ഓടെ ഇയാൾ വീട്ടിൽനിന്ന് കടന്നുകളഞ്ഞതായും ഇവർ പറയുന്നു.

പുറത്തുപോയ മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ചോരയൊലിച്ച് കിടക്കുന്ന നിലയിലാണ് 87കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്.

അതേസമയം, വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയെന്ന് പറഞ്ഞാണ് മകൾ ആദ്യം പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഈ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകൾ ആരോപിച്ചത്. ഇതോടെ പീഡനക്കുറ്റമടക്കം എഫ്.ഐ.ആറിൽ കൂട്ടിച്ചേർത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ വയോധികയ്ക്ക് കൗൺസിലിംഗ് അടക്കം എല്ലാവിധ സഹായങ്ങളും നൽകുമെന്നും പൊലീസ് അറിയിച്ചു.