
മുംബയ്: നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ട് അധികം നാളുകൾ ആയിട്ടില്ല. രാജ് കുന്ദ്ര ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിവാദം സൃഷ്ടിച്ച കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിന് പിന്നാലെ മറ്റൊരു ബോളിവുഡ് അഭിനേത്രിയായ സോനം കപൂറിന്റെ ഭർത്താവ് ആനന്ദ് അഹൂജ പുതിയൊരു വിവാദത്തിൽ ചെന്ന് ചാടിയിരിക്കുകയാണ്.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഈബേയിൽ നിന്ന് വാങ്ങിച്ച സ്നീക്കേഴ്സുമായി ബന്ധപ്പെട്ടാണ് ആനന്ദ് അഹൂജ പുലിവാലിൽ പിടിച്ചത്. തന്നിൽ നിന്നും ലേറ്റ് ഫീസ് ഈടാക്കുന്നതിന് വേണ്ടി ഓൺലൈൻ സൈറ്റ് അനാവശ്യമായി ഓർഡറുകൾ വൈകിപ്പിക്കുന്നെന്നും ഇത് സംബന്ധിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോലും അവർ തയ്യാറാകുന്നില്ലെന്നും കാണിച്ച് ആനന്ദ് അഹൂജ ട്വീറ്റ് ചെയ്തിരുന്നു. സോനം കപൂറും തന്റെ ഭർത്താവിന്റെ ട്വീറ്റിനെ ട്വിറ്ററിൽ പിന്തുണച്ചിരുന്നു.
എന്നാൽ ആനന്ദ് അഹൂജയുടെ ട്വീറ്റിന് മറുപടി നൽകിയ ഈബേയ്, അഹൂജ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും നികുതി വെട്ടിപ്പിന് കൂട്ട് നിൽക്കാത്തതിനാലാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. അഹൂജ യഥാത്ഥത്തിൽ വാങ്ങിച്ച സ്നീക്കറിന്റെ യഥാർത്ഥ വിലയേക്കാളും 90 ശതമാനത്തോളം കുറഞ്ഞ ബില്ലുകളാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് മാത്രമേ തങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും ഈബേയ് ട്വീറ്റ് ചെയ്തു.