pm-modi

ജലന്ധർ: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിയുടെ ഹെലികോപ്‌റ്ററിന് അനുമതി നിഷേധിച്ച സംഭവം വിവാദമായ ശേഷം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയ്‌ക്ക് വേണ്ടി തന്റെ ഹെലികോപ്‌റ്റർ മുൻ യുപിഎ സർക്കാർ തടഞ്ഞ സംഭവം പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. 2014ൽ നടന്ന സംഭവം അമൃത്‌സറിലെ തിരഞ്ഞെടുപ്പ് ക്യാമ്പെയിനിലാണ് പ്രധാനമന്ത്രി പറഞ്ഞത്. 'യുവരാജാവ് അമൃത്‌സറിലേക്ക് പറക്കുന്നതുകൊണ്ട് എന്റെ ഹെലികോപ്‌റ്റർ അന്ന് പഞ്ചാബിൽ തടഞ്ഞു.' പ്രധാനമന്ത്രി പറഞ്ഞു.

'അന്ന് ഞാൻ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. പത്താൻകോട്ട് നിന്നും ഹിമാചലിലേക്ക് ഇലക്ഷൻ പ്രചാരണത്തിനായി യാത്ര ചെയ്യുകയായിരുന്നു ഞാൻ. പക്ഷെ യുവരാജാവ് അമൃത്‌സറിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് പോകാൻ അനുമതി കിട്ടിയില്ല. കോൺഗ്രസിന്റെ ഒരു എം.പി മാത്രമായിരുന്നു അന്ന് അദ്ദേഹം. പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ അനുമതി നൽകാത്ത സംസ്‌കാരമാണ് കോൺഗ്രസിനുള‌ളത്.' മോദി പറഞ്ഞു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കോൺഗ്രസ് അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു. പണ്ട് ചെയ്‌ത തെറ്റുകൾക്ക് അനുഭവിക്കുകയാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ജനുവരി മാസത്തിൽ പഞ്ചാബ് സന്ദർശനത്തിന് പ്രധാനമന്ത്രി പുറപ്പെട്ടെങ്കിലും വഴിയിൽ തടഞ്ഞതുകാരണം മടങ്ങേണ്ടി വന്നു. ഇതിന് ശേഷമാണ് ഇന്ന് പഞ്ചാബിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കർഷകർ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടത്തുന്നുണ്ട്.