kk

ബം​ഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ അധികൃതർ. കുടകിൽ ഹിജാബ് ധരിച്ചെത്തിയ 30 വിദ്യാർത്ഥിനികളെയാണ് പത്താംക്ലാസ് മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ തിരിച്ചയച്ചത്. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അദ്ധ്യാപകർ പറഞ്ഞതോടെയാണ് പ്രതിഷേധ സൂചകമായി വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്കരിച്ചത്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചിരുന്നു. വന്‍ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകള്‍ ഇന്ന് തുറന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്.


അതേസമയം ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഉടന്‍ വാദം തുടങ്ങും.കേസില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.