
ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ മൂന്നാം സ്ഥാനത്ത്
മഡ്ഗാവ് : ഐ.എസ്.എല്ലിൽ വിജയവഴിയിലേക്ക് മടങ്ങിയെത്തി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിന് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയ കേരള ക്ളബ് മൂന്ന് പടവുകയറി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിട്ടിൽ യെനസ് സിപോവിച്ചാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്തത്.
കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയോട് ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് തോറ്റിരുന്നതിന്റെ ക്ഷീണം തീർക്കാനിറങ്ങിയ ബ്ളാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ഈസ്റ്റ്ബംഗാളിന്റെ പ്രതിരോധം തകർക്കാൻ കഴിഞ്ഞിരുന്നില്ല. എട്ടാംമിനിട്ടിൽ ജീക്സൺ സിംഗാണ് മഞ്ഞപ്പടയുടെ ആദ്യ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. അഡ്രിയാൻ ലൂണയുടെ ക്രോസിൽ നിന്നുള്ള ജീക്സണിന്റെ ഷോട്ട് പക്ഷേ പുറത്തേക്കാണ് പോയത്. 17-ാം മിനിട്ടിൽ ലൂണയുടെ മറ്റൊരു ക്രോസിൽ നിന്നുള്ള അൽവാരോ വസ്കേസിന്റെ ഹെഡർ ഈസ്റ്റ് ബംഗാൾ ഗോളി സേവ് ചെയ്തു.22,23 മിനിട്ടുകളിലെ ബ്ളാസ്റ്റേഴ്സിന്റെ തുടർച്ചയായ ആക്രമണവും ഫലം കണ്ടില്ല.26-ാം മിനിട്ടിൽ ലാൽതതംഗ ഖ്വാളിംഗിന്റെ ക്രോസിൽ നിന്നുള്ള ജീക്സണിന്റെ ഹെഡറും ഗോളിയുടെ കയ്യിൽ അവസാനിച്ചത് ബ്ളാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിയിരുന്നു. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങിൽ നിന്ന് വന്ന അറ്റാക്കിന് ഒടുവിൽ സഹൽ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം തെറ്റി.
രണ്ടാം പകുതിയിൽ വർദ്ധിത വീര്യത്തോടെ ഇറങ്ങിയ കേരള ക്ളബ് അധികം സമയം പാഴാക്കാതെ ലക്ഷ്യം കാണുകയായിരുന്നു. ഒരു കോർണർ കിക്കിൽ നിന്ന് ഖ്വാളിംഗ് നൽകിയ ക്രോസ് ബോക്സിന്റെ മദ്ധ്യത്തുനിന്ന് തകർപ്പനൊരു ഹെഡറിലൂടെ വലയിലേക്ക് തട്ടിയിടുകയായിരുന്നു സിപോവിച്ച്. തുടർന്ന് ലീഡിൽ കടിച്ചുതൂങ്ങി വിജയമുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബ്ളാസ്റ്റേഴ്സ്.
ഈ വിജയത്തോടെ ബ്ളാസ്റ്റേഴ്സ് ഒരു സീസണിൽ തങ്ങളുടെ ഏറ്റവും കൂടുതൽ വിജയങ്ങളുടെ റെക്കാഡ് തിരുത്തിക്കുറിച്ചു. സ്റ്റീവ് കൊപ്പലിന് കീഴിൽ നേടിയിരുന്ന ആറ് വിജയങ്ങളുടെ റെക്കാഡാണ് ഇന്നലെ ഇവാൻ വുകോമനോവിച്ചിന് കീഴിൽ മറികടന്നത്.
ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് (26) എന്ന റെക്കാഡും ഇന്നലെ ബ്ളാസ്റ്റേഴ്സ് സ്വന്തമാക്കി.
15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 17 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമാണ്. അടുത്ത ശനിയാഴ്ച എ.ടി.കെയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഇരു ടീമുകളും പോരാട്ടവീര്യം പ്രകടമാക്കിയ മത്സരത്തിൽ കൂടുതൽ പന്തടക്കം കാഴ്‌ച വച്ച ബ്ലാസ്റ്റേഴ്‌സ് ടീം ഗോളവസരങ്ങൾ നഷ്ടപ്പെടുത്തി. പോയിന്റ് നിരയിലെ പിൻനിരക്കാരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ടൂർണമെന്റ് സാധ്യതകൾ സജീവമാണ്. ജംഷഡ്പൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു.