kerala-blasters

തിലക് മൈതാൻ: ആദ്യ പകുതിയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം തിരിച്ചടിച്ച കേരള ബ്ളാസ്റ്റേഴ്സ് പ്രതിരോധനിര താരം സിപോവിച്ച് നേടിയ ഗോളിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ബ്ളാസ്റ്റേഴ്സിനെ പൂട്ടിവരിഞ്ഞ കൊൽക്കത്ത പ്രതിരോധനിര ലൂണ, വാസ്ക്വസ്, സഹൽ എന്നിവരടങ്ങിയ ബ്ളാസ്റ്റേഴ്സിന്റെ മുൻനിരയെ ഒന്നനങ്ങാൻ പോലും സമ്മതിച്ചിരുന്നില്ല. കൊൽക്കത്ത ഗോൾകീപ്പർ സ‌ർക്കാർ റോയിയെ ആദ്യ പകുതിയുടെ ഒരു ഘട്ടത്തിൽ പോലും പരീക്ഷിക്കാൻ സാധിക്കാതിരുന്ന ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണത്തിൽ നിന്ന് ഇതുവരെയും കരകയറിയിട്ടില്ലെന്ന് വരെ ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചു.

മറുവശത്ത് ഈസ്റ്റ് ബംഗാളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോൾ വിരസമായ ആദ്യപകുതിയാണ് കാണികൾക്ക് സമ്മാനിച്ചത്. 42ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ പെരോസെവിച്ച് നടത്തിയ ഒരു ഒറ്റയാൾ മുന്നേറ്റം മാത്രമാണ് ആദ്യ പകുതിയിൽ കുറച്ചെങ്കിലും ആവേശം സമ്മാനിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ കളി മുഴുവൻ മാറി. വ‌ർദ്ധിത വീര്യത്തോടെ കളിക്കളത്തിൽ മടങ്ങിയെത്തിയ ബ്ളാസ്റ്റേഴ്സ് തുടരെ ഈസ്റ്റ് ബംഗാൾ ഗോൾ വല ലക്ഷ്യമാക്കി ആക്രമണം അഴിച്ചു വിട്ടു. അവരുടെ ശ്രമങ്ങൾക്ക് 49ാം മിനിട്ടിൽ ഒടുവിൽ ലക്ഷ്യം കണ്ടു. ലാൽത്താൻതംഗയുടെ അസിസ്റ്റിൽ സിപോവിച്ച് ഈസ്റ്റ് ബംഗാൾ വലയിൽ പന്തെത്തിച്ചതോടെ ബ്ളാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോൾ എത്തി.

Big man Enes Sipovic scores his first #HeroISL goal! 👊🤩

Watch out for his celebration 🕺🏻

Watch the #KBFCSCEB game live on @DisneyPlusHS - https://t.co/erlFU5AMP5 and @OfficialJioTV

Live Updates: https://t.co/ND1zXlZK0S#HeroISL #LetsFootball | @KeralaBlasters pic.twitter.com/rKdwypC0J7

— Indian Super League (@IndSuperLeague) February 14, 2022

ഗോൾ വഴങ്ങിയ ശേഷം ഒരിക്കൽപോലും ഈസ്റ്റ് ബംഗാളിന് മത്സരത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചിരുന്നില്ല. അഡ്രിയാൻ ലൂണയും വാസ്ക്വസും നടത്തിയ ആക്രമണങ്ങളിൽ ആകെ പകച്ചു നിന്ന ഈസ്റ്റ് ബംഗാൾ അധികം ഗോളുകൾ വഴങ്ങാതെ പിടിച്ചുനിന്നത് തന്നെ അവരുടെ ഒരു നേട്ടമാണ്.

ഈ വിജയത്തോടെ ബ്ളാസ്റ്റേഴ്സ് പൊയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 26 പൊയിന്റുകളാണ് ബ്ളാസ്റ്റേഴ്സിന് നിലവിൽ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള എ ടി കെ മോഹൻ ബഗാനും 26 പൊയിന്റുകൾ തന്നെയാണ് ഉള്ളതെങ്കിലും ഗോൾ ഡിഫറൻസിൽ എ ടി കെ മോഹൻ ബഗാനാണ് മുൻതൂക്കം. 29 പൊയിന്റുമായി ബൈദരാബാദ് എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. 17 മത്സരങ്ങളിൽ നിന്ന് 10 പൊയിന്റ് മാത്രം സ്വന്തമായുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്ത്.