confractosuchus-saurokton

കാൻബെറ : കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന കൂറ്റൻ മുതല അതിന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുപിന്നെ കഴിച്ചത് ഒരു ദിനോസറിന്റെ കുഞ്ഞിനെ.! ഒരു ശാസ്ത്ര ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ. ഓസ്ട്രേലിയയിലെ ക്വീൻസ്‌‌ലൻഡിൽ വിൻസ്റ്റൺ ഫോർമേഷന് സമീപമുള്ള ഒരു ഫാമിനടുത്ത് നിന്ന് 2010ലാണ് ഏകദേശം 95 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചെന്ന് കരുതുന്ന ' കോൺഫ്രാക്റ്റോസക്കസ് സോറൊക്റ്റോൺ " എന്ന പുതിയ സ്പീഷീസിലെ മുതലയുടെ ഫോസിൽ കണ്ടെത്തിയത്.

2.5 മീറ്റർ നീളമുള്ള ഈ മുതല ഫോസിലിന്റെ വയറ്റിനുള്ളിൽ ഭാഗികമായി ദഹിച്ച നിലയിലുള്ള ദിനോസർ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഓർനിതോപോഡ് സ്പീഷീസിൽപ്പെട്ട ദിനോസറിന്റെ കുട്ടിയായിരുന്നു ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഓസ്ട്രേലിയയിൽ ഇതാദ്യമായാണ് ദിനോസറിനെ ഭക്ഷണമാക്കുന്ന മുതലയുടെ ശേഷിപ്പ് കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. എക്സ് റേ, സിടി സ്കാൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് മുതലയുടെ ഫോസിലിനുള്ളിൽ ദിനോസർ എല്ലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഈ എല്ലുകളുടെ ത്രീഡി റീകൺസ്ട്രക്ഷൻ തയാറാക്കാൻ പത്ത് മാസത്തെ പരിശ്രമമാണ് വേണ്ടിവന്നത്. മുതലയുടെ ഫോസിലിന്റെ 35 ശതമാനം, അധികം കേടുപാട് സംഭവിക്കാത്ത നിലയിലായിരുന്നു. കൂടാതെ മുതലയുടെ ഏറെക്കുറെ പൂർണമായ തലയോട്ടിയും ലഭിച്ചു. മുതല അകത്താക്കിയ ദിനോസർ കുഞ്ഞിന് ഏകദേശം 1.7 കിലോ ഭാരമുണ്ടായിരുന്നതായും, മുതല ഒന്നുകിൽ അതിനെ ആക്രമിച്ച് വകവരുത്തിയതോ അല്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ട് കിടന്നതിനാൽ ആഹാരമാക്കിയതോ ആകാം എന്ന് ഗവേഷകർ വ്യക്തമാക്കി.