
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡിഷണൽ പി.എ ആയി നിയമിച്ച നടപടിയിൽ സർക്കാരിന് അതൃപ്തി. രാഷ്ട്രീയ പാർട്ടികളിൽ സജീവമായവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന പതിവില്ലെന്ന് രാജ്ഭവന് നൽകിയ വിയോജന കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലാണ് രാജ്ഭവന് കത്ത് നൽകിയത്.
ഹരി എസ് കർത്തയെ നിയമിക്കുന്നതിന് ഗവർണർ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് സർക്കാർ വിയോജിപ്പ് വ്യക്തമാക്കിയത്. ഗവർണറുടെ താത്പര്യപ്രകാരമാണ് നിയമനമെന്നും സർക്കാർ വ്യക്തമാക്കി.
ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നത് സംബന്ധിച്ച്നേരത്തെ പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചിരുന്നു. ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.