
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ സ്ഥാനാർത്ഥി ടിസി വാങ്ങി പോയതോടെ കെഎസ്‌യു സ്ഥാനാർത്ഥി ആർട്‌സ് ക്ളബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ടിസി വാങ്ങിപ്പോയ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്‌യു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എതിർപ്പ് പ്രകടിപ്പിച്ച എസ്‌എഫ്‌ഐ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
പത്രിക അസാധുവായതോടെ കോളേജിൽ എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായി. എസ്‌എഫ്‌ഐ പ്രവർത്തകൻ പ്രണവിന് പരിക്കേറ്റു. എസ്‌എഫ്‌ഐ സ്ഥാനാർത്ഥിയായിരുന്ന അൽ അയ്‌ന ജാസ്‌മിൻ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടി പോയതോടെ കെഎസ്‌യുവിന്റെ ഡെൽനാ തോമസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു തിരഞ്ഞെടുക്കപ്പെടുന്നത്. സംഘർഷത്തെ തുടർന്ന് യൂണിയൻ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. വെളളിയാഴ്‌ച വരെ കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.