pvl

ഹൈദരാബാദ്: ബംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി പ്രൈം വോളിബാള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് കാലിക്കറ്റ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യവിജയത്തോടെ കാലിക്കറ്റ് രണ്ട് പൊയിന്റ് നേടി. കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല.

ആദ്യസെറ്റില്‍ 8-3ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസിന് ജെറോം വിനീത് മികച്ച തുടക്കം നല്‍കി. കെയ്ല്‍ ഫ്രണ്ടിന്റെ മികച്ച സ്‌പൈക്കും ബ്ലോക്കുമാണ് ബെംഗളൂരു ടോര്‍പ്പിഡോസിനെ മത്സരത്തില്‍ നില്‍ക്കാന്‍ സഹായിച്ചത്. അജിത്‌ലാലിന്റെയും ഡേവിഡ് ലീയുടെയും മികച്ച സ്‌പൈക്കുകളിലൂടെ മുന്നേറ്റം തുടര്‍ന്ന ഹീറോസ് ആദ്യ സെറ്റ് 15-12ന് സ്വന്തമാക്കിയിരുന്നു.

ലീയുടെയും ജെറോമിന്റെയും സ്‌പൈക്കിലൂടെ കാലിക്കറ്റ് രണ്ടാം സെറ്റില്‍ 8-6ന് രണ്ട് പൊയിന്റ് ലീഡ് നേടി. 10-8ല്‍ നില്‍ക്കെ നിര്‍ണായകമായ ഒരു സൂപ്പര്‍ പൊയിന്റ് ജയിച്ച ബംഗളൂരു സെറ്റ് 11-11ന് സമനിലയിലാക്കി. തൊട്ടുപിന്നാലെ സൂപ്പര്‍ പൊയിന്റ് നേടിയ കാലിക്കറ്റ് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. 15-12ന് സെറ്റ് അവസാനിപ്പിച്ച് മത്സരത്തില്‍ 2-0ന് ലീഡും നേടി.

മൂന്നാം സെറ്റില്‍ 8-6ന് ഹീറോസ് മുന്നിലെത്തി. ലീയുടെയും ജെറോമിന്റെയും പ്രകടനം ഹീറോസിനെ ഡ്രൈവിംഗ് സീറ്റിലാക്കി. ജെറോമിന്റെ അത്യുഗ്രന്‍ സ്‌പൈക്കിലൂടെ 15-9ന് ഹീറോസ് മൂന്നാം സെറ്റും സ്വന്തമാക്കി. നാലാം സെറ്റിലും ആധിപത്യം തുടര്‍ന്ന കാലിക്കറ്റ് 7-4ന് മുന്നിലെത്തി. എന്നാല്‍, ബെംഗളൂരു തിരിച്ചടിച്ച് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. 13-12ന് ലീഡ് നേടിയ ബംഗളൂരു സ്‌കോര്‍ 14-13ലെത്തിച്ചെങ്കിലും അടുത്ത പൊയിന്റ് നേടി ഹീറോസ് സ്‌കോര്‍ 14-14 ന് സമനിലയിലാക്കി. ജെറോം വിനീതിന്റെ സര്‍വ് നഷ്ടമായതോടെ 15-14ന് ബെംഗളൂരു തങ്ങളുടെ ആദ്യസെറ്റ് നേടി. അവസാന സെറ്റില്‍ ഹീറോസ് 8-6ന് മുന്നിലെത്തി. ജെറോം വിനീതും അജിത്‌ലാലും തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റിന്റെ ലീഡ് നിലനിലനിര്‍ത്തി. ഒടുവില്‍ 15-13ന് നാലാം സെറ്റ് സ്വന്തമാക്കിയ ഹീറോസ് 4-1ന് വിജയം കുറിച്ചു.