vukomanovic

തിലക് മൈതാൻ: അന്ധവിശ്വാസങ്ങളില്ലാത്ത ഫുട്ബാൾ താരങ്ങളില്ലെന്നും താനും ഒരുകാലത്ത് ഒട്ടും പിന്നിലായിരുന്നില്ലെന്നും ബ്ളാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി സംസാരിക്കുമ്പോഴായിരുന്നു വുകോമാനോവിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.

കളിക്കാരനായിരുന്ന അവസരത്തിൽ താൻ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് വലതുകാൽ വച്ച് മാത്രം ഗ്രൗണ്ടിൽ പ്രവേശിക്കാൻ ശ്രദ്ധിച്ചിരുന്നെന്നും അത് തന്റെ അന്ധവിശ്വാസമായിരുന്നെന്നും വുകോമാനോവിച്ച് പറഞ്ഞു. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മത്സരത്തിനിടയിൽ വച്ച് തന്റെ കാലുകൾ ഒടിഞ്ഞെന്നും വലതുകാൽ വച്ച് ഗ്രൗണ്ടിൽ പ്രവേശിച്ചിട്ടും എങ്ങനെ തന്റെ കാൽ ഒടിഞ്ഞെന്ന് കുറേനേരം ഇരുന്ന് ആലോചിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിൽ പരിക്ക് ഭേദമായി അടുത്ത മത്സരം തൊട്ട് വലതുകാലിന് പകരം ഇടതുകാൽ വച്ച് ഗ്രൗണ്ടിൽ പ്രവേശിക്കാൻ തുടങ്ങിയെന്നും എന്നാൽ വീണ്ടും തന്റെ കാൽ ഒടിഞ്ഞെന്നും വുകോമാനോവിച്ച് പറഞ്ഞു. ഏത് കാൽ വച്ച് ഗ്രൗണ്ടിൽ പ്രവേശിച്ചാലും കളി നന്നായില്ലെങ്കിൽ കാര്യമില്ലെന്ന് തനിക്ക് ബോദ്ധ്യമായെന്നും ആ തിരിച്ചറിവ് ഉണ്ടായ ശേഷം താൻ കുറേകൂടി മികച്ച രീതിയിൽ കളിക്കാൻ ആരംഭിച്ചെന്നും വുകോമാനോവിച്ച് വെളിപ്പെടുത്തി.

ബ്ളാസ്റ്റേഴ്സ് പരിശീലകൻ എല്ലാ മത്സരങ്ങൾക്കും വെള്ള ഷർട്ട് ഇട്ട് വരുന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണോയെന്ന ഒരു വിരുതന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് വുകോമാനോവിച്ച് ഇത്രയും പറഞ്ഞത്.

അതേസമയം സംവാദത്തിൽ പങ്കെടുത്ത ഐ എസ് എൽ മലയാളം കമന്റേറ്റർ ഷൈജു ദാമോദരൻ കേരള ബ്ളാസ്റ്റേഴ്സ് സെമിയിൽ എത്തിയാൽ പരിശീലകന് നൽകാൻ വേണ്ടി താൻ ഒരു വെള്ള ഷർട്ട് സമ്മാനമായി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തിന് അത് കൊറിയർ ആയി അയച്ചുകൊടുക്കുമെന്നും ഷൈജു ദാമോദരൻ വ്യക്തമാക്കി.