
കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വിസ്‌ഫോടനമാണ് സംഭവിച്ചിരിക്കുന്നത്. 1975ൽ ആകെ വാഹനങ്ങൾ (ടൂവീലർ, ഫോർ വീലർ, ഹെവി വെഹിക്കിൾ) 75000 മാത്രമായിരുന്നു. ഇപ്പോൾ ഏകദേശം മൂന്ന് കോടിയായി ഉയർന്നു.
ദേശീയതലം പരിശോധിക്കുമ്പോൾ, ഇന്ത്യയിൽ ഏകദേശം മുപ്പത് കോടി വാഹനങ്ങളുള്ളതായി മനസിലാക്കാം. ഒരു ദിവസം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത് 50000 വാഹനങ്ങളാണ്. മുപ്പത് കോടി വാഹനങ്ങളിൽ 70 ശതമാനവും (21 കോടി) ടൂ വീലറുകളാണ്. ഇന്ത്യയിൽ 30 കോടി വാഹനങ്ങളുണ്ടെങ്കിൽ ഇതിന്റെ 10 ശതമാനം കേരളത്തിലാണ്. കാരണം കേരളമൊരു ഉപഭോക്തൃസംസ്ഥാനമാണ്. സമ്പന്നരായ ആളുകളുണ്ട് , പ്രവാസികളുണ്ട്, ടൂറിസം വഴിയുള്ള വരുമാനമുള്ളവരും ഉണ്ട്. കൂടാതെ സ്ഥലം വാങ്ങുന്നതിനും, വീട് വയ്‌ക്കാനും, വാഹനം വാങ്ങാനും തുച്ഛമായ അടവുകളോട് കൂടിയ ലോണുകൾ അനായാസം ലഭിക്കുന്നു.
കേരളത്തിൽ ഒരു ദിവസം ചെറുതും വലുതുമായ 5000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, വർഷം ആറുലക്ഷം വാഹനങ്ങളാണ് വർദ്ധിക്കുന്നത്. അതേസമയം പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ ആരും തയ്യാറാവുന്നുമില്ല. 2014- ൽ നിറുത്തലാക്കിയ പഴയ അംബാസഡർ കാർ ഉൾപ്പടെ ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നത് അതിനൊരു ഉദാഹരണമാണ്.
കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി റോഡുകൾ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്.
ഏകദേശം രണ്ടുലക്ഷം കിലോമീറ്റർ (നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, കോർപറേഷൻ/ മുൻസിപ്പാലിറ്റി/ പഞ്ചായത്ത്) റോഡുകൾ കേരളത്തിലുണ്ട്. നമ്മുടെ മുഴുവൻ റോഡുകളുടെയും നീളം പരമാവധി വികസിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ റോഡുകളില്ലാത്ത ഒരു ഗ്രാമവുമില്ല.
ഹൈവേകൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന വീതി 60 മീറ്ററാണ്. എന്നാൽ കേരളത്തിൽ സ്ഥലപരിമിതി മൂലം 45 മീറ്ററാണ് അനുവദിച്ചിരിക്കുന്നത്. കുറച്ച് സ്ഥലങ്ങളൊഴികെ കേരളത്തിൽ നാഷണൽ ഹൈവേ ഒരിടത്തും 45 മീറ്റർ ചെയ്തിട്ടില്ല. തലശ്ശേരിയിൽ ഒരു സ്ഥലത്ത് ആറ് മീറ്റർ വരെ ഹൈവേ വീതി നാം പത്രത്തിൽ വായിച്ചറിഞ്ഞതാണ്.
കൊവിഡ് വന്നതിനു ശേഷം വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിൽ പൊതുഗതാഗതം തടസപ്പെട്ടതിനാൽ ആളുകൾ സ്വന്തം ആവശ്യത്തിന് ടൂ വീലറുകൾ വാങ്ങി. അവരുടെ അഭിപ്രായത്തിൽ ലോക്ഡൗൺ കാലത്ത് ആകെ രക്ഷപ്പെട്ടത് ടൂ വീലർ കമ്പനികൾ മാത്രമാണ്.
ഈ രീതിയിൽ മുന്നോട്ട് പോകുന്നത് വളരെ ക്ലേശകരമാണ്. നമ്മുടെ റോഡുകളുടെ വീതി കൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനങ്ങളുടെ അതിപ്രസരം കാരണം നാഷണൽ ഹൈവേ ആയാലും മറ്റു റോഡുകളായാലും അവയിലൂടെയുള്ള സഞ്ചാരം വളരെ ദയനീയമാണ്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ 30,000 പ്രൈവറ്റ് ബസുകളും 5000 കെ. എസ്.ആർ.ടി.സി ബസുകളും പൊതുഗതാഗതത്തിന് ഉണ്ടായിരുന്നു. പലകാരണങ്ങൾ കൊണ്ട് ബസുകളുടെ എണ്ണം പതിനായിരത്തിനും താഴെയെന്ന ദയനീയ അവസ്ഥയിലാണ്. ഇനിപ്പറയുന്ന നിർദേശങ്ങൾ നമ്മുടെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഉപകരിക്കും.
1. കേരളത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ കുറ്റമറ്റതാക്കണം, അതിനായി ഇപ്പോൾ 30,000-,40,000 പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് നൽകണം, കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണം.
2. ബസുകളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണം അപ്രായോഗികമായ ടാക്സ് നിരക്കുകളാണ്. ബസിന്റെ ഓരോ സീറ്റിന് അനുസരിച്ചാണ് ടാക്സ് നിരക്കുകൾ കണക്കാക്കുന്നത്. എല്ലാവർക്കും താങ്ങാൻ കഴിയുന്ന രീതിയിൽ അവ പരിഗണിച്ചാൽ ആ മേഖല കുറച്ചുകൂടി മെച്ചപ്പെടും.
3. നാട്ടുകാർ ഓടിക്കുന്ന പ്രൈവറ്റ് വാഹനങ്ങളിൽ ചെറിയൊരു സെസ് ഈടാക്കി അവയിൽ നിന്നുള്ള തുക ഉപയോഗിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് നന്നാക്കാനുള്ള അവകാശം സർക്കാരിനുണ്ട് .അത് ഉപയോഗിക്കുക.
4. ഇന്ധനം, ഇൻഷുറൻസ്, അറ്റകുറ്റപ്പണികൾ, ടയറിന്റെ വില, തുടങ്ങിയവയുടെ വിലവർദ്ധിച്ച അവസരത്തിൽ ആൾക്കാർക്ക് യാത്ര ചെയ്യാനുള്ള പ്രായോഗികമായ മിനിമം നിരക്കുകൾ സർക്കാറുകൾ പരിഗണിക്കേണ്ടതാണ്. ഇത് ചെയ്തില്ലെങ്കിൽ ഒരുപക്ഷേ ബസ് ഓടുന്നത് വളരെ ദുഷ്‌കരമാകും.
5. കൂടുതലാളുകൾ ബസ് യാത്ര ചെയ്യുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും ഒരു പരിധി വരെ കുറയ്‌ക്കാൻ സാധിക്കും.
6. നിരത്തുകളിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടാകുമ്പോഴാണ് കൂടുതൽ അപകടങ്ങളും അതേത്തുടർന്നുള്ള മരണങ്ങളും സംഭവിക്കുന്നത്. കേരളത്തിൽ രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും കൂടുതൽ വാഹനപകടങ്ങൾ സംഭവിക്കുന്നു. ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ റോഡുകളിലെ അപകടനിരക്കും ഗണ്യമായി കുറയും.
7.ശോചനീയമായ പൊതുഗതാഗതം മെച്ചപ്പെടുത്തിയെടുത്താൽ മാത്രമേ റോഡുകളിലെ തിരക്കൊഴിവാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനും ഒരുപരിധി വരെയെങ്കിലും സാധിക്കൂ.