kk

ഭാഗ്യക്കുറി ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്നവർ നിരവധിയാണ്. കോടിക്കണക്കിന് രൂപയും ആഡിംബര കാറുകളും സമ്മാനമായി ലഭിക്കുന്ന ഭാഗ്യക്കുറികളുണ്ട്. എന്നാൽ ലണ്ടനിലെ വീട്ടമ്മയ്ക്ക് അടിച്ച ലോട്ടറി ആരെയും അമ്പരപ്പിക്കുന്നതാണ്.

ലണ്ടൻ സ്വദേശിയായ ബെക്ക പോട്ട് എന്ന 32-കാരിയാണ് ആ ഭാഗ്യവതി. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല . ഭർത്താവാണ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഭർത്താവ് ഒരുതവണ മറന്നപ്പോഴാണ് ബെക്ക ടിക്കറ്റുകൾ വാങ്ങിയത്. ഇതുവരെ ഭർത്താവിന് ലഭിക്കാത്ത ഭാഗ്യദേവത ബെക്കയ്ക്ക് മുന്നിൽ പ്രത്യക്ഷയാകുകയായിരുന്നു. കിട്ടിയതോ 35 കോടിയുടെ വീടും.

ഈസ്റ്റ് ലണ്ടനിലെ രണ്ട് കിടപ്പുമുറികളുള്ള, സൗകര്യങ്ങൾ കുറഞ്ഞ വീട്ടിലായിരുന്നു ഭർത്താവ് ബെന്നിനൊപ്പം ബെക്കയുടെ താമസിച്ചിരുന്നത്. എട്ടുമാസം പ്രായമായ ഒരു മകളും ഇവർക്കുണ്ട്. . മകളുടെ ജനനത്തിന് ശേഷം അല്പം കൂടി സൗകര്യമുള്ള വീട് വേണം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ബെൻ ബെൻ ഒമേസ് മില്യൻ പൗണ്ട് ഹൗസ് നറുക്കെടുപ്പിന്റെ ടിക്കറ്റുകൾ വാങ്ങി തുടങ്ങിയത്. കുറഞ്ഞ തുകയ്ക്കുള്ള ടിക്കറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് കോടികൾ വിലമതിക്കുന്ന വീടുകളാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നത്.

കഴിഞ്ഞ മാസം ബെൻ നറുക്കെടുപ്പിന്റെ കാര്യം വിട്ടുപോയി. ഇത്തവണ സമ്മാനമായി ലഭിക്കുന്ന വീടിന്റെ ചിത്രം ടെലിവിഷനിൽ കണ്ടപ്പോഴാണ് ബെക്ക ഇക്കാര്യം ഓർത്തത്. പിന്നെ രണ്ടാമതൊന്നാലോചിക്കാതെ പത്ത് പൗണ്ടിന് (1021 രൂപ) ടിക്കറ്റുകൾ സ്വന്തമാക്കി. നറുക്കെടുപ്പ് ഫലം വന്നപ്പോൾ ബെക്കയായിരുന്നു വിജയി. ബെർക്ഷയറിലെ ക്വീൻസ് ഹില്ലിൽ സ്ഥിതിചെയ്യുന്ന 4.75 മില്യൻ (35 കോടി രൂപ) വിലമതിപ്പുള്ള വമ്പൻ ബംഗ്ലാവാണ് ബെക്ക നറുക്കെടുപ്പിലൂടെ നേടിയത്.

വെള്ളനിറത്തിൽ മനോഹരമായ ബംഗ്ലാവിൽ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. ഉടമസ്ഥാവകാശം ലഭിക്കാനുള്ള നിയമപരമായ ഫീസുകളും നികുതിയും എല്ലാം അടച്ച നിലയിലാണ് ബംഗ്ലാവ് ഇവർക്ക് ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ ഇവിടേക്ക് താമസം മാറാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി 27, 100 ഡോളറും(20 ലക്ഷം രൂപ ) ലഭിച്ചു.