
തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്നാട്ടിലേക്ക്. ഇയാളുടെ സ്വദേശമായ അഞ്ചുഗ്രാമത്തിലെ കാവൽ കിണറിലെ ലോഡ്ജിലെത്തിച്ച് പരിശോധന നടത്തും. വിനിതയുടെ മാലയുടെ ലോക്കറ്റും, കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയുമാണ് ഇനി കണ്ടെത്താനുള്ളത്.
വിനിതയുടെ മാലയുടെ ലോക്കറ്റ് ലോഡ്ജ് മുറിയിലുണ്ടെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്.
വിനിതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച നാല് പവനോളം വരുന്ന സ്വർണ മാല അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിച്ചതും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം ആറാം തീയതിയായിരുന്നു വിനിത കൊല്ലപ്പെട്ടത്. യുവതി ജോലി ചെയ്യുന്ന അമ്പലമുക്കിലെ ചെടിക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവിയുടെയും സാക്ഷി മൊഴികളുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യം നടത്തുമ്പോൾ രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു.