
പാലാ: വീട്ടുപകരണങ്ങളും ഫർണിച്ചറും തവണ വ്യവസ്ഥയിൽ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ ആളിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വയനാട് പെരിയ സ്വദേശി ബെന്നിയാണ് (43) പാലാ പൊലീസിന്റെ പിടിയിലായത്.
പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകാതിരിക്കുകയും വിളിച്ച് അന്വേഷിക്കുന്നവരോട് മോശമായി പെരുമാറിയുമെന്നും കാട്ടി നിരവധി പേരാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ 15 ലക്ഷം രൂപയാണ് പലയിടങ്ങളിൽ നിന്നായി തട്ടിയെടുത്തത്.
ഈ തുക ചെരിപ്പുകൾ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മു ചികിത്സയ്ക്കും വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന കോട്ടയത്തെ ലോഡ്ജിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 400 ജോഡി ചെരിപ്പുകളാണ് കണ്ടെത്തിയത്.
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ നിന്നായിരുന്നു കൂടുതലും പണം പിരിച്ചിരുന്നത്. 2000 രൂപ വരെ മുൻകൂറായി വാങ്ങും, ശേഷം മുങ്ങും. ഒടുവിൽ പാലാ പൊലീസ് സ്റ്റേഷനിൽ നിന്നും വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചതോടെയാണ് ഇയാൾ സ്ഥലത്തെത്തിയത്. തുടർന്ന് അറസ്റ്റും ചെയ്തു. ഇതിനും മുമ്പും സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ട്.
മുൻമന്ത്രി ശൈലജ ടീച്ചറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടതിനും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീലം പറഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കേസ് അന്വേഷണത്തിന് വിളിക്കുന്ന പൊലീസുദ്യോഗസ്ഥരെ ചീത്ത വീളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.