
കോഴിക്കോട്: തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയാ മകളേയും കൂട്ടി പബ്ബിലെത്തിയതാണെന്നും, സീരിയൽ നടന്മാർ അടക്കം ഉണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി. അവിടെ പീഡനം നടന്നിട്ടില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും, തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെടുന്നതെന്നും അഞ്ജലി പറയുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ചത് തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ്. കമ്പനിയിലെ ചെക്ക് ലീഫുകൾ കാണാത്തതിനെ തുടർന്ന് അവരുമായി തർക്കമുണ്ടായിരുന്നുവെന്നും അവരെ അവിടെനിന്ന് പുറത്താക്കിയതാണെന്നും യുവതി വ്യക്തമാക്കി.
പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഞ്ജലി ആരോപിച്ചു.
ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം നടന്നത് എന്നാണ് പരാതി.