
''നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ..."" മോശവത്സലം ശാസ്ത്രിയാരുടെ ഈ വരികൾ കേരളത്തിലെ ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. മോശവത്സലം ശാസ്ത്രിയാർ ജനിച്ചിട്ട് 175 വർഷം തികയുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മിഷണറിമാരുടെ ആഗമനത്തോടെ പുതിയൊരു സംഗീതം ക്രൈസ്തവർക്കിടയിൽ പ്രചരിച്ചു. ഇംഗ്ലീഷ് ഗീതങ്ങൾ മലയാളത്തിലാക്കി ഇംഗ്ലീഷ് പാട്ടിന്റെ ഈണത്തിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾ പാടാൻ തുടങ്ങി. തുടർന്ന് മലയാള ഭാഷയിലും ക്രിസ്തീയ ഗാനങ്ങൾ ആവിർഭവിച്ചു. ക്രൈസ്തവ ഗാനരചയിതാക്കളിൽ ഏറ്റവും പ്രശസ്തർ മോശവത്സലം ശാസ്ത്രിയാരും സാധുകൊച്ചുകുഞ്ഞു ഉപദേശിയുമാണ്. നവോത്ഥാനത്തിന് തൂലിക ഉപയോഗിച്ച പരിഷ്കർത്താവ്, പ്രസംഗകലയിൽ മൂടിചൂടാ മന്നൻ. ശാസ്ത്രിയാരുടെ കഴിവുകൾ നീണ്ടതാണ്. ജനനം തെക്കൻ തിരുവിതാംകൂറിലായിരുന്നെങ്കിലും മദ്ധ്യതിരുവിതാംകൂറിലും മലബാറിലും ശാസ്ത്രിയാർ പ്രശസ്തനായിരുന്നു.
മോശയുടെ ജനനം,
അഭ്യസനം
ഹിന്ദുമതത്തിൽ നിന്ന് റോമൻ കത്തോലിക്ക സഭയിലേക്ക് പരിവർത്തനം ചെയ്ത കുടുംബത്തിലെ രാമനാഥൻ നാടാർക്ക് 1820 ൽ ജനിച്ച അന്തോണിയുടെ മകനാണ് മോശവത്സലം. വിദ്യാസമ്പന്നനായ അന്തോണി എൽ.എം. എസ് മിഷണറി റവ.ജോൺ കോക്സ് 1838 ൽ തിരുപുറത്ത് പള്ളിയോട് ചേർന്ന് സ്ഥാപിച്ച പള്ളിക്കൂടത്തിൽ അദ്ധ്യാപകനായി. തുടർന്ന് പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസിയാവുകയും അരുളാനന്ദം എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അദ്ധ്യാപനത്തോടൊപ്പം സുവിശേഷ പ്രവർത്തനവും നടത്തിയ അരുളാനന്ദത്തെ കോക്സ് ഉപദേശിയായി നിയമിച്ചു. അരുളാനന്ദത്തിന്റെ മകനായി 1847 ൽ മോശവത്സലം ജനിച്ചു. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ മോശയെന്ന് പേരിട്ടത് കോക്സാണ്. ഭാഷകൾ പഠിക്കാനും സംഗീതം അഭ്യസിക്കാനും മോശ ചെറുപ്പകാലം മുതൽ താത്പര്യപ്പെട്ടിരുന്നു. പത്തു വയസായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. അരുളാനന്ദത്തിന് സുറിയാനി സഭയുമായുളള ബന്ധം മോശക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ സഹായകമായി. പതിനഞ്ചാം വയസിൽ നാഗർകോവിൽ എൽ.എം. എസ് സെമിനാരിയിൽ ചേർന്നു. അവിടെ വച്ച് ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു എന്നീ ഭാഷകളും പഠിച്ചു. 1868-ൽ നെല്ലിക്കാക്കുഴി സ്വദേശി റാഹേലിനെ വിവാഹം ചെയ്തു. ഭാഷാപരമായ പാണ്ഡിത്യമുണ്ടായിരുന്നതുകൊണ്ട് കോട്ടയം സെമിനാരിയിൽ കുറച്ചുകാലം അദ്ധ്യാപകനായി. ശാസ്ത്രീയ സംഗീതത്തിൽ അവഗാഹം നേടിയ അദ്ദേഹം സംഗീതോപകരണങ്ങൾ അനായാസമായി ഉപയോഗിച്ചു.
ഗാനരചയിതാവായ
മോശവത്സലം
സാധാരണക്കാരന്റെ ഭാഷയിലാണ് മോശവത്സലം ക്രിസ്തീയ ഗീതങ്ങൾ രചിച്ചത്. ശാസ്ത്രിയാർ രചിച്ച 'നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ..." എന്ന ഗാനം മലയാളികളായ ക്രൈസ്തവർ ഇന്നും നെഞ്ചോട് ചേർത്ത് പാടുകയാണ്. ശാസ്ത്രിയാരുടെ ഇളയമകൻ പത്താമത്തെ വയസിൽ പാമ്പ് കടിയേറ്റ് മരിച്ചപ്പോൾ എഴുതിയതാണ് ഈ ഗാനം. കേരളത്തിലെ ക്രൈസ്തവർ പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ ഏറ്റവുമധികം ആലപിക്കുന്ന ഗാനമാണിത്. മധ്യകേരളത്തിലെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ആരാധനയുടെ ആരംഭത്തിൽ 'നിത്യവന്ദനം നിനക്കു സത്യദൈവമേ..."" എന്ന കീർത്തനവും അവസാനത്തിൽ 'അനുഗ്രഹത്തോടെ ഇപ്പോൾ അയയ്ക്ക അടിയാരെ യഹോവായെ...."എന്നതും പതിവായി ആലപിക്കുന്നു. രണ്ട് ഗാനങ്ങളും ശാസ്ത്രിയാരാണ് രചിച്ചത്. ജനനം, പുതുവർഷം, വിദ്യാരംഭം, യാത്രാരംഭം, ഗൃഹപ്രവേശം തുടങ്ങി വിവിധ സന്ദർഭങ്ങളിലേക്കായി അർത്ഥവത്തായ ഗാനങ്ങളും പൊന്മണിമാല, അത്ഭുതമാലിക, അത്ഭുത മഞ്ചരി, നമസ്കാരമാലിക, കല്യാണമാല, ഗീതമഞ്ജരി, ധ്യാനമാലിക തുടങ്ങിയ നിരവധി കൃതികളും രചിച്ചു. സുവിശേഷ പ്രസംഗങ്ങളിൽ ഗാനങ്ങൾ യുക്തമായി ഉപയോഗിക്കുന്നതിനായി ഗാനങ്ങളും കീർത്തനങ്ങളും രചിച്ച് കഥാകാലക്ഷേപമായി (കഥാപ്രസംഗം മാതൃകയിൽ) അവതരിപ്പിച്ചു.
തെക്കൻ തിരുവിതാംകൂറിൽ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിലും മലബാറിലും ശാസ്ത്രിയാർ സുവിശേഷ പ്രവർത്തനം നടത്തി. റോമൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സഭയും തമ്മിൽ ഭിന്നതയുണ്ടായിരുന്നെങ്കിലും വരാപ്പുഴ ആർച്ച് ബിഷപ്പ് ശാസ്ത്രിയാർക്ക് ഇടവകകളിൽ ഗാനപ്രസംഗ ശുശ്രൂഷ നടത്താനുളള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഇതിനു പുറമേ ശാസ്ത്രിയാരുടെ പുസ്തകം സഭകളിൽ പുനഃപ്രസിദ്ധീകരിച്ചു. 1874 ൽ സുറിയാനി സഭയിലെ മെത്രാൻ മോശ രചിച്ച ഗാനങ്ങൾ അഭ്യസിപ്പിക്കാനും തിരുവിതാംകൂർ മുഴുവൻ സുവിശേഷം അറിയിക്കാനുമുളള സൗകര്യങ്ങൾ ഏർപ്പെടുത്തി. മാജിക് ലാന്റേണിലൂടെ പ്രസംഗങ്ങൾക്കനുസൃതമായി ശാസ്ത്രിയാർ ചിത്രപ്രദർശനവും നടത്തി. ചിത്രരചനക്ക് ആവശ്യമായ സ്ലൈഡുകൾ സ്വയം വരച്ച് നിറം പിടിപ്പിച്ച് ഉപയോഗിച്ചു. 'സുവിശേഷക്കൊടി" സ്ഥാപിച്ചിരുന്ന ശാസ്ത്രിയാരുടെ സുവിശേഷവണ്ടിയുടെ ഇരുവശത്തും ദൈവ വാക്യങ്ങൾ എഴുതിയിരുന്നു. ഇത്തരത്തിലുള്ള ശാസ്ത്രിയാരുടെ സംവേദന ശൈലികൾ ജനകീയമായിരുന്നു. സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയും രീതികളുമാണ് ശാസ്ത്രിയാർ സംവേദനത്തിനായി ഉപയോഗിച്ചത്. വാമൊഴി (സംഗീതാലാപനം, പ്രഭാഷണം, കഥാകാലക്ഷേപം), വരമൊഴി (ഗീതങ്ങൾ, കവിതകൾ, കീർത്തനങ്ങൾ), ദൃശ്യമൊഴി (മാജിക് ലാന്റേൺ, സുവിശേഷ വണ്ടി) എന്നിവയാണവ. എൽ.എം.എസ് മിഷണറി റവ.സാമുവൽ മെറ്റീറാണ് മോശയുടെ പേരിനൊപ്പം 'വത്സലം" എന്ന് ചേർത്തത്. സുറിയാനി സഭയിലെ മെത്രാപ്പൊലിത്തയായിരുന്ന മാർ ഡയനീഷ്യസ് മോശവത്സലത്തിന്റെ ഗാനങ്ങളിലൂടെയുളള സുവിശേഷീകരണത്തിൽ മതിപ്പ് തോന്നി ആലപ്പുഴയിൽ പ്രസംഗ-സംഗീത പരിപാടി സംഘടിപ്പിച്ചു. അതോടൊപ്പം ശാസ്ത്രി എന്ന ബഹുമതിയും നൽകി. കോക്സിന്റെ മോശ മെറ്റീറിലൂടെ മോശവത്സലവും മെത്രൊപ്പൊലീത്തായിലൂടെ മോശവത്സലം ശാസ്ത്രിയാരും ആയി.
സാമുദായിക മൈത്രിയും നവോത്ഥാനവും
തിരുവനന്തപുരത്തേക്ക് താമസം മാറിയ ശാസ്ത്രിയാർ ആത്മീയ ഗുരുവും ഗുരുായ ശ്രീനാരായണ ഗുരുവുമായി പട്ടത്തുള്ള ആശ്രമത്തിൽ മതങ്ങളെക്കുറിച്ച് നടത്തിയ സംവാദം പ്രശസ്തമാണ്. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും വിപത്തുകൾക്കെതിരെയും ഗാനങ്ങളിലൂടെയും കീർത്തനങ്ങളിലൂടെയുമാണ് ശാസ്ത്രിയാർ പടപൊരുതിയത്. മദ്യപാനത്തിനെതിരെ ശക്തമായ നിലപാടാണ് ശാസ്ത്രിയാർ സ്വീകരിച്ചത്. അവർണരുടെ ഉദ്ധാരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. 1882 ൽ മാവേലിക്കര രാജകുടുംബം ശാസ്ത്രിയാരെ ക്ഷണിച്ച് ഗാനങ്ങൾ കേട്ടശേഷം പാരിതോഷികം നൽകി ആദരിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും സമ്മതനായിരുന്നു.
അക്കാലത്ത് കുടികിടപ്പുകാരായ അവർണരെ സവർണർ നിഷ്കരുണം കുടിയിറക്കുന്നത് പതിവായിരുന്നു. ശാസ്ത്രിയാർ അവർണരെ ബോധവൽക്കരിക്കുകയും ഭൂമിക്കുവേണ്ടി അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എൽ.എം.എസ് മിഷണറി ഐ.എച്ച്.ഹാക്കർ ഇക്കാര്യത്തിൽ ശാസ്ത്രിയാർക്ക് പിന്തുണയും നൽകി. തൽഫലമായി കാട്ടാക്കടയിലേയും സമീപ പ്രദേശങ്ങളിലെയും നിരവധി പാവപ്പെട്ട ക്രിസ്ത്യാനികൾക്ക് ആരുടെയും പേരിൽ പതിയാതെ കിടന്ന ഭൂമി സർക്കാർ പതിച്ചു നൽകി. ഭൂമി സ്വന്തമാക്കുന്നതിലൂടെ സാമൂഹികമായ ഉന്നമനം സാദ്ധ്യമാകും എന്ന ലക്ഷ്യമാണ് ശാസ്ത്രിയാർ ഇതിലൂടെ പ്രാവർത്തികമാക്കിയത്. കഠിനാദ്ധ്വാനം കൊണ്ട് രോഗാഗ്രസ്ഥനായ ശാസ്ത്രിയാർ 1916 ഫെബ്രുവരി 20 ന് വിടപറഞ്ഞു. അദ്ദേഹം രചിച്ച ഗാനങ്ങളും ഗീതങ്ങളും കീർത്തനങ്ങളും ജനലക്ഷങ്ങൾക്ക് ഇന്നും ആശ്വാസവും ആത്മീയ ചൈതന്യവും പകരുന്നു.
(ലേഖകന്റെ ഫോൺ: 9446700467)