
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തന്റെ അറിവോടെയല്ലെന്നും എം എം മണിയെ പറ്റി ഒരു കുറ്റവും ചെയർമാൻ പറഞ്ഞിട്ടില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. മൂന്നാർ വിഷയത്തിൽ ബോർഡ് അറിയാതെ ചില കാര്യങ്ങൾ നടന്നു. അത് മാത്രമാണ് ചെയർമാൻ പരാമർശിച്ചത്. ബി അശോക് പറഞ്ഞ കാര്യങ്ങളിലെ വസ്‌തുത പരിശോധിക്കുമെന്നും അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം കൂട്ടിയത് ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ്. അതിന്റെ റിപ്പോർട്ട് ഊർജവകുപ്പ് സെക്രട്ടറിയോട് ചോദിച്ചിട്ടുണ്ട്. മൂന്നാർ ഹൈഡൽ ടൂറിസത്തിനു നൽകിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പറഞ്ഞു.
ഇടതു യൂണിയൻ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക് രംഗത്തെത്തിയതോടെ വിവാദങ്ങൾക്ക് തുടക്കമായത്. 'കടയ്ക്ക് തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടി വരേണ്ടതുമില്ലെന്ന' തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് വിമർശനം. ഇതിനെതിരെ മുൻമന്ത്രി എം എം മണിയും രംഗത്തെത്തിയിരുന്നു. താൻ മന്ത്രിയായിരുന്ന സമയത്ത് വൈദ്യുതി ബോർഡിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് നടന്നത്. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു.
നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട അവസ്ഥയായി. വൈദ്യുതി ബോർഡ് ചെയർമാൻ എന്തടിസ്ഥാനത്തിലാണ് വിമർശനം ഉയർത്തിയത്. മന്ത്രിയുടെ അറിവോടെയാണോ ചെയർമാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.