marriage

ഭുവനേശ്വർ: പതിനാല് സ്ത്രീകളെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി വിവാഹം ചെയ്ത് പണം തട്ടിയ അറുപതുകാരൻ അറസ്റ്റിൽ. ഒഡീഷയിലെ കേന്ദ്രപാറ ജില്ല സ്വദേശിയാണ് അറസ്റ്റിലായത്. അവസാനം വിവാഹം ചെയ്ത ഭാര്യ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

1982ലാണ് ഇയാൾ ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 2002ൽ വീണ്ടും വിവാഹിതനായി. ഈ രണ്ട് വിവാഹങ്ങളിൽ നിന്നായി അഞ്ച് മക്കളും ഇയാൾക്കുണ്ട്. പിന്നീട് 2002- 2020 കാലയളവിലായി 12 പേരെ ഇയാൾ മാട്രിമോണിയൽ വഴി വിവാഹം ചെയ്യുകയായിരുന്നു. മദ്ധ്യവയസ്കരായ വിവാഹമോചിതരായ സ്ത്രീകളെയാണ് ഇയാൾ കൂടുതലായും നോട്ടമിട്ടിരുന്നത്. ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാൾ വക്കീൽ, ഡോക്ടർ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസം ഉള്ളവരെയാണ് കബളിപ്പിച്ചത്. പാരാ മിലിട്ടറി ഫോഴ്സിലെ ഉദ്യോഗസ്ഥയും വഞ്ചിതരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഡൽഹിയിൽ സ്കൂൾ അദ്ധ്യാപികയായ അവസാന ഭാര്യയോടൊപ്പം ഒ‌ഡീഷയിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളുടെ മറ്റ് വിവാഹങ്ങളെക്കുറിച്ചറിഞ്ഞ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാളിൽ നിന്ന് 11 എടിഎം കാർഡുകൾ, നാല് ആധാർ കാ‌ർ‌ഡുകൾ, ചില രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു. തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിന്റെ പേരിലും ലോൺ തട്ടിപ്പിന്റെ പേരിലും ഹൈദരാബാദ്, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഇയാൾ രണ്ട് തവണ അറസ്റ്റിലായിട്ടുണ്ട്.