watermilon

കോട്ടയം: വേനൽച്ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഇളംപച്ചനിറത്തിലുള്ള തമിഴ്‌നാടൻ തണ്ണമത്തൻ എത്തിത്തുടങ്ങി. ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. അതിനാൽ ഓറഞ്ചും വിപണിയിൽ സജീവമായിരുന്നു. ഓറഞ്ചിന്റെ സീസൺ അവസാനിക്കാറായതോടെയാണ് തമിഴ്‌നാടൻ തണ്ണിമത്തൻ വിപണിയിലെത്തിയിരിക്കുന്നത്. കിലോയ്ക്ക് 30 രൂപയാണ് ഇപ്പോഴത്തെ വില. കൂടുതൽ എത്തുന്നതോടെ വില ഇതിന്റെ പകുതി കണ്ട് കുറയും.

കർണാടകയിൽനിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരൺ തണ്ണിമത്തനാണ് നിലവിൽ വിപണിയിൽ കൂടുതലുള്ളത്. ഇതിന് 40 രൂപയാണ് കിലോയ്ക്ക് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാണ് കിരൺ.

മഞ്ഞനിറത്തിലുള്ള തണ്ണിമത്തനും വിപണിയിലുണ്ട്. കൊവിഡിലും തുടർച്ചയായി പെയ്ത മഴയിലും പഴംവിപണിയിൽ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. എന്നാൽ വേനൽ കടുത്തതോടെ വ്യാപാരികളുടെ ഉള്ളം കുളിർത്തു.

'പതിനൊന്ന് വർഷമായി പഴം വിപണിയിലുണ്ട്. ചൂട് കൂടിയതിനാൽ കച്ചവടം കുഴപ്പമില്ലാത്ത രീതിയിൽ നടക്കുന്നു. മഴ കാര്യമായി പെയ്തില്ലെങ്കിൽ കച്ചവടം പൊടിപൊടിക്കും'.- മുരളി, തണ്ണിമത്തൻ വ്യാപാരി