
ആദിപ്രപഞ്ചനാദങ്ങൾ
ഒഴുകും യുഗസന്ധ്യയിൽ
നിത്യവിഹ്വലസ്വപ്‌നത്തിൻ
നീർപ്പോളയായ് പിറന്നു ഞാൻ.
നിശീഥീനി മറഞ്ഞിങ്ങു
സുപ്രഭാതം തുടിക്കിലും
കണ്ണുപൂട്ടിയിരുട്ടാക്കാൻ
കാംക്ഷിപ്പോനാണു മാനവൻ.
ജീവനെത്താങ്ങി നിർത്തീടാൻ
ജീവിച്ചീടുന്ന വേളയിൽ,
ജീവനെന്തെന്നു കാണാനേ
കഴിഞ്ഞീ,ലറിവാനുമേ.
എന്നിലെച്ചിന്തയോടല്പം
സംവദിക്കട്ടെ ഞാനിനി.
എന്റെയാത്മാവിനോടൊത്തു
മൗനത്തിൽ കഴിയട്ടെ ഞാൻ.
ചലിക്കുന്നുണ്ടു താരങ്ങൾ
ശബ്ദമില്ലാതെയെങ്ങുമേ.
കാറ്റിനെന്തിത്രയൗത്സുക്യം
ചലനം ശബ്ദമാക്കുവാൻ?
ജീവനിൽക്കതിരേകാനായ്
നിത്യമെത്തുന്നുഷസ്സുകൾ.
കാത്തുനില്പൂ നിശീഥങ്ങൾ,
ആത്മാവിൽ തിരിയാളുവാൻ.
സന്ധ്യകൾ സംക്രമം പേറി
ജ്ഞാനസാഫല്യമാളുവാൻ.
സ്വപ്നത്തേരിൽപ്പുറപ്പെട്ടു
സത്യം തേടുന്ന പ്രജ്ഞയും.
മിത്രരശ്മികൾ സത്യത്തിൻ
മിത്രമായ് കാഴ്ച തീർത്തുപോയ്.
അക്കാഴ്ച മൂടുവാനല്ലോ
സ്വർണ്ണപാത്രങ്ങൾ തേടി നാം.
ശബ്ദാടോപമിരമ്പുമ്പോൾ
ശബ്ദം സത്യവിരോധിയായ്.
അന്തരിന്ദ്രിയമൗനത്തിൻ
വല്മീകങ്ങളുയർന്നുപോയ്.
സൂര്യനെ പ്രതിരോധിക്കാൻ
മേഘമാലയ്‌ക്കു സാദ്ധ്യമോ?
കാഴ്ചയെ പ്രതിരോധിക്കാൻ
ശബ്ദജാലത്തിനും തഥാ?
എന്നിലേക്കു നടക്കുന്ന
വഴിയുണ്ടിങ്ങു കാണ്മു ഞാൻ.
അതിലൂടെ നടക്കുമ്പോൾ
മൗനക്കാഴ്‌ചകൾ കൂട്ടുകാർ.
എനിക്കുണ്ടൊരു കൊട്ടാരം,
അതു കാണാതെ നിത്യവും
താമസക്കുടിൽ തേടുന്ന
ഭോഷനായ് തീർന്നതെന്നു ഞാൻ?
എന്റെയുള്ളിലെയാകാശ
ത്തൊന്നിനിപ്പാറിടട്ടെ ഞാൻ.
എന്റെയാഴിയിരമ്പങ്ങൾ
ക്കല്പം കാതോർത്തിടട്ടെ ഞാൻ.
എന്റെയാത്മാവിലല്ലാതെ
തേടുവാൻ വേറെയില്ലിടം.
എന്റെയുൾപ്പുരയല്ലാതെ
വാഴുവാനേതു നല്ലിടം?
വിശ്വമാനവചൈതന്യം
വിശ്വേശ്വരാത്മസംലയം
വിസ്ഫുരിച്ച വെളിച്ചത്തിൻ
വിസ്മയം സൂക്ഷ്മസൂക്ഷ്മമാം.
ഗിരിശൃംഗത്തിന്നൗന്നത്യം
കലമാൻകൊമ്പുയർത്തലായ്.
ആഴി തന്നാഴങ്ങൾ തീർപ്പൂ
കാലിക്കുളമ്പുചാലുകൾ.
അരൂപം രൂപമാക്കീടാൻ
പണിപ്പെട്ടെന്റെ യൗവനം.
യുഗസംക്രമമിന്നേകീ
രൂപവ്യാഹതിയാകവേ.
ശബ്‌ദത്തിലാവാഹിച്ചോ ഞാൻ
നിശബ്‌ദത സമസ്തവും,
അതിന്റെ മർമ്മരം കാലം
കൈക്കുടന്നയിലാക്കവേ.
കാലത്തെ കണമാക്കി ഞാൻ
മായട്ടേ മൃതിലീലയിൽ,
കാലത്തിൻ കളിയാട്ടത്തിൽ
വെളിച്ചസ്‌പന്ദമാകുവാൻ.
നാളെയിന്നലെയിന്നില്ല,
എന്നിൽത്താൻ ഭേദസങ്കല്പം.
കാഴ്ചയുള്ളോനു വിശ്വാസ
ക്കാഴ്ചകൊണ്ടെന്തു നേടുവാൻ?
വിചികിത്സയ്‌ക്കു സന്താനം
വിശ്വാസ, മതിന്നന്തരേ
വിത്തായ് വിനാശം വായ്‌ക്കുന്നു,
വിശ്വമിങ്ങു ചുരുങ്ങുന്നൂ.
പ്രപഞ്ചകാലമുൾക്കൊള്ളാൻ
പ്രയത്നം ചെയ്‌തൊ,രുൾപ്പുര
നമ്മിൽ കെട്ടുക, വിജ്ഞാനം
നിർമ്മിപ്പാൻ സർഗശാലയായ്!