
മലയാള സിനിമയിൽ പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന് സൂപ്പർതാരങ്ങളായവർ അനവധിയാണ്. വില്ലന്മാർ നിരവധിയുണ്ടെങ്കിലും അയാൾ നായകന്റെ പക്ഷത്തായിരുന്നെങ്കിൽ കസറിയേനെ എന്ന് നമ്മൾ വിചാരിച്ചിട്ടുള്ള ഒരു നടനേയുള്ളൂ; അത് ബാബു ആന്റണിയാണ്. ഒരു പക്ഷേ സംഘട്ടന രംഗങ്ങളിൽ ബാബു ആന്റണിയോളം ചടുലതയുള്ള താരം തെന്നിന്ത്യൻ സിനിമയിൽ പോലും മറ്റൊരാൾ ഉണ്ടാകില്ല. മൂന്നരപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സിനിമാ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് അദ്ദേഹം.
നീളൻ കുപ്പായവും കാതിലെ കടുക്കനും തോളറ്റത്തോളം ഇറങ്ങിക്കിടക്കുന്ന മുടിയുമാണ് ഓർമ്മയിലെ ബാബു ആന്റണി, ബോധപൂർവം സൃഷ്ടിച്ചെടുത്തതാണോ ഈ വേഷം?
മനഃപൂർവം ഉണ്ടാക്കിയെടുത്ത രൂപഭാവമൊന്നുമായിരുന്നില്ല അത്. ഷേവ് ചെയ്യാനുള്ള മടികൊണ്ടാണ് താടി വളർത്തിയത്. ഇടയ്ക്കിടെ മുടിവെട്ടുന്ന പരിപാടിയും ഇഷ്ടമുണ്ടായിരുന്നില്ല. ലോംഗ് ഹെയറിനോടായിരുന്നു താത്പര്യം. നമ്മുടെ പഴയ രാജാക്കന്മാരെല്ലാം കാതുകുത്തിയിരുന്നല്ലോ. പിന്നെന്തുകൊണ്ട് ആണുങ്ങൾക്ക് കാതുകുത്തിക്കൂടാ എന്ന ചിന്തിയിലാണ് കടുക്കനിട്ടത്. സിനിമയെ കുറിച്ചൊന്നും അക്കാലത്ത് ചിന്തിച്ചിട്ടേയില്ല. പക്ഷേ സിനിമയിൽ വന്നതിന് ശേഷം എന്റെ വസ്ത്രങ്ങളൊക്കെ ഡിസൈൻ ചെയ്തിരുന്നത് ഞാൻ തന്നെയാണ്.
അന്നത്തെ സംവിധായകർ അത് അംഗീകരിച്ചോ?
തീർച്ചയായും. അവർക്കതിന് സമ്മതമായിരുന്നു. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അംഗീകരിക്കുന്നതിൽ  ഒരുമടിയുമുണ്ടായിരുന്നില്ല. കാരക്ടർ പോലും മറ്റൊരു രീതിയിൽ ചെയ്യാമെന്ന് പറഞ്ഞാൽ അവർ സമ്മതിക്കാറുണ്ട്.
ബാബു ആന്റണി പറന്നടിച്ചാലും ആരാധകർ അത് അംഗീകരിക്കുമായിരുന്നു. എന്നിട്ടും തയ്യാറായില്ലല്ലോ?
മിക്സഡ് മാർഷ്യൽ ആർട്സ് പഠിച്ച ആളാണ് ഞാൻ. റിയൽ ഫൈറ്റ് എന്താണെന്ന് എനിക്കറിയാം. ഒരിടി കൊണ്ടാൽ ആൾക്കാർ പറന്നുപോകുന്നതൊന്നും വിശ്വസിക്കാൻ എനിക്കൊരിക്കലും കഴിയില്ല. ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത കൺസപ്റ്റ്  ആണത്. ഇനിയൊരുപക്ഷേ, സയൻസ് ഫിക്ഷനോ, അല്ലെങ്കിൽ സൂപ്പർമാൻ പോലുള്ള സിനിമയോ ആണെങ്കിൽ പറക്കുന്നത് നമുക്ക് അംഗീകരിക്കാം.

33 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മണിരത്നത്തിനൊപ്പം 'പൊന്നിയൻ സെൽവനി" ൽ?
'അഞ്ജലി" ക്ക് ശേഷം മണി സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത് വലിയൊരു നഷ്ടമായിട്ടാണ് കാണുന്നത്. റിയലിസ്റ്റിക് ആയിട്ട് സിനിമ ചെയ്യാൻ താൽപര്യമുള്ള ആളാണദ്ദേഹം. മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ 'പൊന്നിയൻ സെൽവനി" ൽ അണിനിരക്കുന്നുണ്ട്. ഫൈറ്റൊക്കെ തികച്ചും റിയലിസ്റ്റിക് ആണ്. മണിരത്നം, ഭരതേട്ടൻ ഇവരുടെ കൂടെയൊക്കെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങിയതിന് തുല്യമായിട്ടാണ് ഞാൻ കാണുന്നത്. കാലത്തിനതീതമായി  സഞ്ചരിച്ച സംവിധായകനാണ് മണിരത്നം.  'അഞ്ജലി"യിൽ എങ്ങനെയായിരുന്നോ അതേ എനർജി തന്നെയായിരുന്നു പൊന്നിയനിൽ എത്തിയപ്പോഴും മണി സാറിൽ കണ്ടത്. രാവിലെ കൃത്യം അഞ്ച് മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തും. ആറു മണിക്ക് തന്നെ ആദ്യ ഷോട്ട് എടുത്തിരിക്കും. റാമോജിയിൽ ഒരു വലിയ സിറ്റി തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്.
ലോമപാദനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
വൈശാലിയിലേക്ക് എത്തിയത് വളരെ അപ്രതീക്ഷിതമായിട്ടാണ്. ഭരതേട്ടന്റെ മനസിലെ രാജാവിന് എപ്പോഴും എന്റെ രൂപമായിരുന്നു. എന്നെ കാണുന്നതിന് അഞ്ച് വർഷം മുമ്പ് അദ്ദേഹം വരച്ച ലോമപാദമഹാരാജാവിന് എന്റെ രൂപത്തോട് നൂറ് ശതമാനവും സാമ്യതയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നോടത് ഒരിക്കലും പറഞ്ഞിട്ടില്ല. വൈശാലിയുടെ കാസ്റ്റിംഗ് സമയത്ത് 'പൂവിന് പുതിയ പൂന്തെന്നലി" ന്റെ ഹിന്ദി സെറ്റിലാണ് ഞാൻ. അന്നവിടെ ഭരതേട്ടൻ വന്നു. കാസ്റ്റിംഗിനാണ് അദ്ദേഹം വന്നത്. വൈശാലിയെ കിട്ടിയെങ്കിലും ഋഷ്യശൃംഗനെ കിട്ടിയില്ല. ഒടുവിൽ ഒരു സുഹൃത്തിന്റെ ആഡ് ഏജൻസി വഴി ഞാൻ എത്തിച്ചുകൊടുത്ത അഞ്ചുപേരിൽ നിന്ന് ഋഷ്യശൃംഗനെ തിരഞ്ഞെടുക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം നാട്ടിലെത്തിയ സമയത്താണ് ഭരതേട്ടന്റെ വിളി വരുന്നത്. പെട്ടെന്ന് മൈസൂർക്ക് വരാൻ പറഞ്ഞു. പടയാളിയുടെ വേഷമാണ് എനിക്കെന്നാണ് പറഞ്ഞത്. ലൊക്കേഷനിൽ എത്തിയതും പ്രൊഡക്ഷൻ അസിസ്റ്റന്റ് ഓടി വന്നുപറഞ്ഞു, ബാബുവിന് ലോട്ടറി അടിച്ചെന്നാ തോന്നുന്നേ. എന്താ കാര്യമെന്ന് അറിയാൻ ഭരതേട്ടന്റെ അടുത്തെത്തി. എടാ നീ ആ രാജാവിന്റെ വേഷമെടുത്തിട് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുപറഞ്ഞു. നിർബന്ധിപ്പിച്ച് ഇടീപ്പിച്ചു. അങ്ങനെ അദ്ദേഹം തന്ന ധൈര്യമായിരുന്നു ലോമപാദൻ.
ലോമപാദനാകാൻ ഭരതനെ തന്നെയാണോ പൂർണമായും ആശ്രയിച്ചത്?
ലോമപാദനായി മാറുന്നതിന് വേണ്ടി  99 ശതമാനവും ഭരതേട്ടനെ തന്നെയാണ് ആശ്രയിച്ചത്. എംടിയുടെ സാന്നിദ്ധ്യവും ഗുണകരമായി, എന്നിരുന്നാലും ലോമപാദന്റെ  ശരീരഭാഷ ഞാൻ കടമെടുത്തത്  ആനയിൽ നിന്നാണ്. പക്ഷി മൃഗാദികളുടെ ചേഷ്ടകൾ കുങ്ഫുവിൽ പ്രയോഗിക്കുന്ന രീതിയുണ്ട്. അതവിടെ ശരിക്കും പ്രയോജനപ്പെട്ടു.

വളരെ അപകടം നിറഞ്ഞ ഫൈറ്റ് സീനുകളിലെ മുൻകരുതലുകൾ ?
ഫൈറ്റ് മാസ്റ്റർക്ക് നമ്മളിൽ ഒരു വിശ്വാസമുണ്ടാകും. നമുക്ക് ആ  ഷോട്ട്  ചെയ്യാൻ  പറ്റും  എന്ന ആത്മവിശ്വാസമാണ് അവർക്കും പ്രചോദനമാകുന്നത്. 'മൂന്നാംമുറ" എന്നചിത്രത്തിൽ മോഹൻലാൽ ഗ്ലാസ് ടേബിളിലേക്ക്  എന്നെ എടുത്തെറിയുന്ന ഒരു സീനുണ്ട്. അതിൽ ലാൽ ആക്ഷൻ കാണിക്കുന്നതേയുള്ളൂ, ഞാൻ വേണം സമ്മർ സാൾട്ട് ചെയ്യാൻ. രണ്ടുപേരും കൂടി ചെയ്താൽ വർക്കൗട്ട് ആകുന്ന ടെക്നിക് ആയിരുന്നില്ല അത്. ദൈവമേ ഒന്നും വരുത്തരുതേ എന്ന് പറഞ്ഞിട്ടാണ് ലാൽ ചെയ്തത്. വളരെ റിസ്കി ഷോട്ട് ആയിരുന്നു. ചില്ലുകൊണ്ട് കൈയിലൊക്കെ മുറിവേൽക്കുകയും  ആശുപത്രിയിൽ  പോകേണ്ടിവരികയുമൊക്കെ ചെയ്തു.
നാടോടിയിലെ ജാക്സണെ പോലെ കഥാപാത്രങ്ങളുടെ ശരീരഭാഷയിൽ ചില പരീക്ഷണങ്ങളൊക്കെ നടത്തിയിട്ടുണ്ടല്ലോ?
അത്തരം  പരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ജാക്സണെ കുറിച്ച് പറയുകയാണെങ്കിൽ അയാളുടെ പ്രത്യേകതരത്തിലുള്ള ചിരി എന്റെ തന്നെ ക്രിയേഷനാണ്. സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ പിന്തുണ കൂടി കിട്ടിയതോടെ ആത്മവിശ്വാസം കൂടി. ഇന്നും ആ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുവെന്നതിൽ സന്തോഷമുണ്ട്.
ആയോധനകലകൾക്ക് പ്രാധാന്യം നൽകിയ വടക്കൻ വീരഗാഥ, യോദ്ധ, പഴശ്ശിരാജ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൊന്നും ബാബു ആന്റണി ഇല്ല?
അതാണ് മലയാളസിനിമയുടെ കുഴപ്പം എന്നേ  എനിക്ക് പറയാനുള്ളൂ. സിനിമയിൽ പലരുടെയും അഭിപ്രായങ്ങളുണ്ടാകുമല്ലോ? ആരുടെ അടുത്തും ശുപാർശയ്ക്ക് ഞാൻ പോകാറില്ല. അതൊക്കെ തന്നെയായിരിക്കാം  കാരണം. ഒരിക്കൽ നടി കനിഹ എന്നോട് ചോദിച്ചു, എന്തുകൊണ്ട് താങ്കൾ പഴശിരാജയിൽ ഇല്ല എന്ന്. അന്ന് അവർക്ക് നൽകിയ ഉത്തരമേ ഇപ്പോഴും എനിക്കുള്ളൂ. അറിയില്ല.
അവസരം  ചോദിക്കുന്നതിന്  മടിക്കേണ്ട കാര്യമുണ്ടോ?
അവസരം ഉണ്ടെന്ന് നമുക്ക് പൂർണവിശ്വാസം വരണം. നമുക്ക് വേണ്ടി അവസരം സൃഷ്ടിക്കപ്പെടുന്നതിൽ കാര്യമില്ലല്ലോ? അത് സിനിമയ്ക്ക് ഗുണം ചെയ്യുകയുമില്ല. അവസരം ചോദിക്കാൻ എനിക്ക് ഒരുമടിയുമില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഭരതേട്ടനെ കാണാൻ ഞാൻ പോകുമായിരുന്നില്ല.
മക്കളും അച്ഛന്റെ പാതയിലേക്കാണോ?
മൂത്ത മകൻ ആർതർ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. രണ്ടാമത്തെയാൾ അലക്സ്. രണ്ടുപേരും മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്. അവർ സിനിമയിൽ വരുന്നതിലും  അഭിനയിക്കുന്നതിലുമൊക്കെ ഉപരിയായി എനിക്ക് സന്തോഷം നൽകുന്നത് അക്കാര്യമാണ്. മാർഷ്യൽ ആർട്സ് നമ്മുടെ ജീവിതത്തിന് നൽകുന്ന അച്ചടക്കം അത്രയേറെ വലുതാണ്.
വരാനിരിക്കുന്ന സിനിമകൾ?
പൊന്നിയൻ സെൽവനടക്കം ഒരുപിടി നല്ല ചിത്രങ്ങളാണ് വരാനിരിക്കുന്നത്. കടമറ്റത്ത് കത്തനാർ, പവർ സ്റ്റാർ, ഹെഡ് മാസ്റ്റർ അങ്ങനെ 2022 എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയുള്ള വർഷമാണ്.