
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്: സാൽസ്ബുർഗ് -ബയേൺ, ഇന്റർ- ലിവർപൂൾ പോരാട്ടങ്ങൾ
സാൻസിറോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ ഇന്ന് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനും ഇംഗ്ലീഷ് സൂപ്പർ ടീമായ ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്ക് എവേ പോരാട്ടത്തിൽ ആസ്ട്രിയൻ ടീമായ ആർ.ബി സാൽസ്ബുർഗിനെ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ്.
ഗ്രൂപ്പ് ബിയിൽ കളിച്ച 6 മത്സരങ്ങളും ജയിച്ച് അജയ്യരായാണ് ലിവർപൂൾ പ്രീക്വാർട്ടറിൽ ഇന്ററിനെ അവരുടെ തട്ടകത്തിൽ നേരിടാനിറങ്ങുന്നത്. മറുവശത്ത് ഇന്റർ ഗ്രൂപ്പ് ഡിയിൽ നിന്ന് റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഉറപ്പിച്ചത്.യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇരുടീമും നേർക്കുനേർ വരുന്ന അഞ്ചാമത്തെ മത്സരമാണിത്.
ജർമ്മൻ ബുണ്ടസ് ലിഗ ചാമ്പ്യൻമാരും ആസ്ട്രിയൻ ബുണ്ടസ് ലിഗയിലെ ഒന്നാമൻമാരും തമ്മിലുള്ള പോരാട്ടമാണ് ബയേൺ മ്യൂണിക്കും സാൽസ്ബുർഗും തമ്മിലുള്ള മത്സരം. ഗ്രൂപ്പ് ഇയിൽ നിന്ന് അജയ്യരായി ബയേൺ അവസാന പതിനാറിൽ എത്തിയപ്പോൾ സാൽസ്ബുർഗിന്റെ എൻട്രി ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായാണ്. സാൽസ് ബുർഗിന്റെ തട്ടകമായ റെഡ് ബുൾ അരീനയിലാണ് മത്സരം.