
കഥാപാത്രങ്ങളുടെ പേരിലൂടെ പ്രശസ്തയായ താരമാണ് സ്മിനു സിജോ.  കെട്ട്യോളാണെന്റെ മാലാഖയിൽ അന്നേച്ചി. ഓപ്പറേഷൻ ജാവയിൽ തഗ് പറയുന്ന അമ്മ, ഞാൻ പ്രകാശനിൽ ഗോപാൽജിയുടെയും നായാട്ടിൽ ജോജുവിന്റെയും ഭാര്യ, ഭ്രമത്തിൽ മാർത്ത. 'സ്കൂൾ ബസി" ൽ നിന്നാരംഭിച്ച സ് മിനുവിന്റെ അഭിനയയാത്ര ഇരുപത്തിയഞ്ച് സിനിമയിൽ എത്തുന്നു. 'ദ പ്രീസ്റ്റി" ൽ മമ്മൂട്ടിയോടൊപ്പവും റിലീസിന് ഒരുങ്ങുന്ന ആറാട്ടിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചു. 
ഷാന്റി ഒപ്പിച്ച പണി
കൂട്ടുകാരി ഷാന്റി 'സ്കൂൾ ബസ്" സിനിമയുടെ ഓഡിഷന് എന്റെ ഫോട്ടോ ഫേസ്ബുക്കിൽ നിന്ന് എടുത്തയച്ചു. ഷാന്റിക്ക് വന്ന അവസരം. അഭിനയിക്കാൻ വിളിച്ചപ്പോൾ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. സിനിമ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്നെ അറിയാവുന്നവരൊക്കെ പറയുന്നത് ചേച്ചി അഭിനയിക്കുന്നില്ലല്ലോ എന്നാണ്. സിനിമയിൽ കാണുന്ന അതേ രീതിയിലാണ് ഞാൻ ജീവിതത്തിലും സംസാരിക്കുന്നത്. കലപില സംസാരിക്കുന്നതാണ് ശീലം. കെട്ട്യാേളാണെന്റെ മാലാഖയിലെ അന്നേച്ചിയെപോലെയും ഓപ്പറേഷൻ ജാവയിലെ 'തഗ് പറയുന്ന അമ്മ" യെപോലെയും വാതോരാതെ സംസാരിച്ച് നാട്ടിൻപുറത്ത് താമസിക്കുന്ന കോട്ടയംകാരിയാണ്  ഞാൻ. മമ്മുക്കയുയെയും ലാലേട്ടനെയും ഒന്നുദൂരെ കാണാൻ മാത്രമേ ആഗ്രഹിച്ചുള്ളൂ. വലിയ താരങ്ങൾക്കൊപ്പം പ്രശസ്തരായ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. നല്ല ആളുകളെ പരിചയപ്പെടാൻ സാധിച്ചു. എല്ലാവരുടെയും പ്രോത്സാഹനമുണ്ട്. അന്നേച്ചി, ചേച്ചി, ചേച്ചി അമ്മ എന്നൊക്കെ സ്നേഹവും ബഹുമാനവും കരുതലും നിറഞ്ഞ വിളികൾ കേൾക്കുന്നു. ചങ്ങനാശേരിയ്ക്കടുത്ത് തൃക്കൊടിത്താനം പീടികപടി എന്ന നാട്ടിൽ ഒന്നുമല്ലാതെ ആയി പോവേണ്ട എന്നെ ഇപ്പോൾ  കുറെ ആളുകൾ അറിയുന്നതിൽ വലിയ സന്തോഷമുണ്ട്. പ്രേക്ഷകർ സ്വന്തം വീട്ടിലെ അംഗത്തെപോലെ സ്വീകരിച്ചതിന്റെ ധൈര്യവുമുണ്ട്.

ഓട്ടോ ഓടിക്കാൻ
പഠിക്കാം സാറേ
നാടകത്തീന്നാണോ സിനിമേൽ വന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഞാൻ പ്രകാശനിൽ അഭിനയിക്കുന്ന സമയത്ത് ഇടവക പളളിയിലെ പെരുന്നാളിന് ഞങ്ങൾ വാർഡുകാർ അവതരിപ്പിച്ച നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. പതിനേഴുവർഷമായി വാഹനം ഓടിക്കാൻ അറിയാം. ഓട്ടോറിക്ഷ ഓടിക്കേണ്ട ആവശ്യം വന്നിട്ടില്ല. ഓട്ടോറിക്ഷ ഓടിക്കാൻ അറിയാമോ എന്ന് രവി കെ. ചന്ദ്രൻസാർ ചോദിച്ചു. രണ്ടുദിവസം കഴിഞ്ഞുവരാമെന്ന് പറഞ്ഞു. നമ്മൾ ഒരുകാര്യം ചെയ്യുമ്പോ അതിൽ ആത്മാർത്ഥത ഉണ്ടാവണമല്ലോ. ഓട്ടോ ഓടിക്കാൻ പഠിക്കാനായിരുന്നു രണ്ടുദിവസത്തെ സമയം. സ്കൂളിൽ പഠിക്കുമ്പോൾ  സംസ്ഥാന ജൂനിയർ ഹാൻഡ് ബാൾ ടീമിൽ അംഗമായിരുന്നു. വീട്ടിലെ മൂത്ത പെൺകുട്ടിയായതിനാൽ വിവാഹം നേരത്തേ കഴിഞ്ഞു. വിവാഹം കഴിഞ്ഞിട്ട്  ഇരുപത്തിമൂന്നുവർഷമാകുന്നു. ആ സമയത്ത് പെൺകുട്ടികളുടെ വിവാഹം നേരത്തേ നടത്തുന്നതാണ് രീതി. ഭർത്താവ് സിജോ ബിസിനസ് ചെയ്യുന്നു. സ്പോർട്സ്  ഉപേക്ഷിച്ചതിൽ ഒരുപാട് സങ്കടം തോന്നിയിരുന്നു. ഒന്നുമാവാതെ അടുക്കളയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സമയമൊക്കെ മാറി. ഏതൊരു കുന്നിനും ഒരു കേറ്റവും കേറ്റത്തിന് ഒരു ഇറക്കവുമുണ്ടെന്ന് വിശ്വസിക്കുന്നു. സിനിമകൾ വരുമ്പോൾ അതിശയമാണ് തോന്നുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത മേഖലയിലേക്ക് ദൈവം കൈപിടിച്ചുകയറ്റി. ഞാൻ എന്തെങ്കിലുമായിത്തീരാൻ പപ്പ ഒരുപാട് ആഗ്രഹിച്ചു. അത് കാണാൻ പപ്പ മാത്രമില്ല. സന്തോഷങ്ങൾക്കിടെ അത് സങ്കടമായി അവശേഷിക്കുന്നു.
അമ്മ വേഷം നിസാരം
ഖ്യാലി പേഴ്സ് ഒഫ് ദി ബില്യനേഴ്സിൽ ധ്യാൻ ശ്രീനിവാസന്റെയും മെമ്പർ രമേശൻ 9-ാം വാർഡിൽ അർജുൻ അശോകന്റെയും തേരിൽ അമിത് ചക്കാലയ്ക്കലിന്റെയും സുന്ദരി ഗാർഡൻസിൽ നീരജ് മാധവിന്റെയും ഗീതുവിൽ രജിഷ വിജയന്റെയും അമ്മയായി അഭിനയിച്ചു. ഏറ്റവും അവസാനം ജോ ആൻഡ് ജോയിൽ നിഖില വിമലിന്റെയും മാത്യുവിന്റെയും അമ്മ. അവർക്കൊപ്പം അഭിനയിച്ചപ്പോൾ എന്റെ വീട്ടിലെ പോലെതന്നെ തോന്നി. സി.ബിഐ 5, വോയ്സ് ഒഫ് സത്യനാഥൻ, ശിവരാത്രി എന്നിവയാണ് മറ്റുചിത്രങ്ങൾ. മകൻ സെബിൻ ബികോം കഴിഞ്ഞ് ഉപരിപഠനത്തിന്  ഒരുങ്ങുന്നു. മകൾ സാന്ദ്ര ബയോടെക്നോളജി ആൻഡ് ബോട്ടണി ഡിഗ്രി വിദ്യാർത്ഥി. വീട്ടിൽ കാണുന്ന സ്ഥിരം സംഭവങ്ങളായതിനാൽ അമ്മ വേഷത്തിലെ അഭിനയത്തെപ്പറ്റി മക്കൾ അഭിപ്രായം പറഞ്ഞിട്ടില്ല. അഭിപ്രായം പറഞ്ഞിട്ടില്ല.