ജീവിതത്തിന്റെ വേഗത്തിനും തിരക്കിനുമിടയിൽ പലപ്പോഴും സ്വന്തം ആരോഗ്യത്തെ കുറിച്ചുള്ള ചിന്തകൾ എല്ലാം മറക്കുന്നവരാണ് നമ്മൾ. പുതിയ കാലത്തിനൊത്ത് നമ്മുടെ ജീവിത രീതികളും ഭക്ഷണ ക്രമവുമെല്ലാം മാറുമ്പോൾ പുതിയ പുതിയ രോഗങ്ങളും നമ്മെ വലയം ചെയ്യുന്നു.

ഒരു കാലത്ത് കാൻസർ എന്ന രോഗത്തെ ഭയപ്പാടോടെയാണ് നമ്മൾ കണ്ടിരുന്നത്. കാൻസർ വന്നാൽ മരണത്തിനപ്പുറം ഒന്നുമില്ല എന്നു ചിന്തിച്ചിരുന്ന കാലം. അവിടെ നിന്ന് നമ്മുടെ വൈദ്യശാസ്ത്രം ഇന്ന് ഏറെ സഞ്ചരിച്ചു കഴിഞ്ഞു.

mvr

നവീനവും ഫലപ്രദവുമായ ചികിത്സ രീതികൾ വന്നു കഴിഞ്ഞു. കാൻസർ മരണത്തിന്റെ അവസാന വാക്കല്ല എന്ന ബോദ്ധ്യം നമുക്കുണ്ട്. എങ്കിലും കാൻസർ ബാധിക്കുന്ന ആൾക്കാരുടെ എണ്ണം ക്രമതീതമായി കൂടുന്നു എന്നുള്ളത് സൂക്ഷിക്കേണ്ട കാര്യം തന്നെയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്ന കണക്കുകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കാൻസർ ഇന്ന് ഏറെക്കുറെ സർവ സാധാരണം എന്നു തന്നെ പറയാവുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു. അതിന് പ്രായഭേദമോ ലിംഗഭേദമോ ഇല്ല. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള കാൻസർ ആണെന്ന് മാത്രം..