silver-line

ആവശ്യത്തിലധികം ചർച്ച നടക്കുകയും അത്യാവശ്യത്തിനുപോലും കാര്യങ്ങൾ നടക്കാത്തതുമായ ഒരിടമായി സംസ്ഥാനത്തെ മാറ്റാൻ പലരും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. നാട്ടുകാർക്ക് വളരെയധികം പ്രയോജനവും ഭാവിതലമുറയ്ക്ക് ഗുണകരവുമായി മാറേണ്ട ഹെെവേവികസനം പോലും ഒരു കാരണവുമില്ലാതെ പത്തുവർഷത്തിലധികം താമസിപ്പിച്ച നാടാണ് നമ്മുടേത്. പദ്ധതികൾ താമസിക്കുമ്പോൾ പാഴായിപ്പോകുന്നത് അവ യഥാസമയം തീർത്തിരുന്നെങ്കിൽ ചെലവാകുമായിരുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് . ഇതെക്കുറിച്ച് ആരും സാധാരണ ചർച്ച ചെയ്യാറില്ല. ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങളെ എതിർത്താൽ മാത്രമേ അംഗീകാരം ലഭിക്കൂ എന്ന ചിന്ത ഇവിടെ വേരോടിയിട്ട് വർഷങ്ങളായി. പക്ഷേ അത് പുതിയ തലമുറ അംഗീകരിക്കാൻ പോകുന്നില്ല. കാരണം ലോകത്ത് നടക്കുന്ന ആധുനിക വികസനരീതികൾ അവർ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്.

അതിനാൽ ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തരത്തിൽ ജീവിത സൗകര്യം മെച്ചപ്പെടുത്തമെന്ന് അവർ വിശ്വസിക്കുന്നു. പുതിയ തലമുറയുടെ ഇൗ കാഴ്ചപ്പാട് മനസിലാക്കിയതിനൊപ്പം കേരളത്തിന്റെ തലവര തന്നെ മാറ്റിമറിക്കാൻ ഇടയാക്കുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാവും ഇടതുമുന്നണി സർക്കാർ സിൽവർലൈൻ പദ്ധതി ആവിഷ്ക്കരിച്ചത്. അന്നു മുതൽ വിവാദത്തിന് ഒരു കുറവുമില്ല. ഹെെക്കോടതിയിൽ ഹർജി നൽകിയവരുടെ ഭൂമിയിൽ സിംഗിൾ ബെഞ്ച് സർവേ തടഞ്ഞിരുന്നെങ്കിലും സിൽവർലെെൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനായി ‌സർവേ തുടരാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത് സർക്കാരിന് അതിന് അധികാരമുണ്ടെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. സർവേ നടത്താനും ഉചിതമായ രീതിയിൽ ഭൂമി അടയാളപ്പെടുത്താനും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വ്യക്തമാക്കിയത്. കേരള സർവേ ആന്റ് ബൗണ്ടറീസ് നിയമപ്രകാരമാണ് സർവേ നടത്താൻ സർക്കാരിന് അധികാരമുള്ളത്.

ഇതോടെ മറ്റ് എതിർപ്പുകൾ അവഗണിച്ച് കെ - റെയിൽ നടപടികൾ അതിവേഗത്തിലാക്കാനാണ് സർക്കാരും തുനിയുന്നത്. കല്ലിടൽ പൂർത്തിയാക്കി 100 ദിവസംകൊണ്ട് സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം. അതുപോലെ കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് നിയമാനുസൃതമായ നടപടികൾ പൂർത്തിയാക്കുന്നതു വരെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഭൂമി വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും പദ്ധതി വരുത്തുന്ന സാമൂഹ്യാഘാതം മനസ്സിലാക്കാനുമാണ് പഠനം നടത്തുക. ഏതൊരു വലിയ പദ്ധതിക്കും മുന്നോടിയായി ഇത്തരം പഠനങ്ങൾ ആവശ്യമാണ്. അതിനുവേണ്ട സാവകാശം സർക്കാരിന് നൽകേണ്ടത് നാട് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവരുടെയും കടമയാണ്. അതുമറന്നിട്ട് ഇൗ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് വിളിച്ചുകൂവുന്നത് അത്ര സുഖകരമായ കാര്യമല്ല. മാത്രമല്ല പദ്ധതി തുടങ്ങുന്നതിന് മുമ്പ് അതിൽ അഴിമതി ആരോപിക്കുകയും ചെയ്യുന്നു. ഏതു പദ്ധതിയും വ്യാജപ്രചാരണങ്ങൾ നടത്തി തടയാൻ വലിയ ബുദ്ധിയോ മിടുക്കോ ആവശ്യമില്ല. എന്നാൽ ഒരു ചെറിയ പദ്ധതിയായാലും നടത്തി കാണിക്കാനാണ് കഴിവ് വേണ്ടത്. എതിർപ്പുകൾ ഇത്രയധികം ഉയർന്ന സ്ഥിതിക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കെ-റെയിൽ അതിവേഗം കാര്യക്ഷമതയോടെ സാക്ഷാത്‌കരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.