vv

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി: ദി നമ്പി എഫ്ക്ട് എന്ന ചിത്രം ജൂലായ് 1ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന നടൻ മാധവൻ ആണ് നമ്പി നാരായണനായി വേഷമിടുന്നത്. ഷാരൂഖ് ഖാനും സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിമ്രാനാണ് മാധവന്റെ നായിക. ഫിലിസ് ലോഗൻ, വിൻസെന്റ് റിയോട്ട, റോൺ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജത് കപൂർ, രവി രാഘവേന്ദ്ര, മിഷ ഘോഷാൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും അണിനിരക്കുന്നു. പ്രമുഖ മലയാളി വ്യവസായിയായ ഡോ.വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്‌ച്ചേഴ്സ്, ആർ.മാധവന്റെ ട്രൈകളർ ഫിലിംസ്, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27 ഇൻവെസ്റ്റ്‌മെന്റ്സ് എന്നിവ സംയുക്തമായാണ് നിർമ്മാണം

ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും റോക്കട്രി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. കൂടാതെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ഒരുങ്ങുന്നുണ്ട്. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ചിത്രീകരണം . നമ്പി നാരായണന്റെ ജീവിതത്തിലെ 27 മുതൽ 70 വയസുവരെയുള്ള കാലഘട്ടമാണ് പ്രമേയം.

സംവിധായകൻ പ്രജേഷ് സെൻ ആണ് സഹസംവിധായകൻ. കാമറ: ശ്രീഷ റായ്, എഡിറ്റർ: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആർ.ഒ: പി.ശിവപ്രസാദ്.