
ലക്നൗ: പ്രധാമനമന്ത്രി നരേന്ദ്രമോദിയെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കർഷക നേതാവ് രാകേഷ് ടികായത്ത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്ന ജനങ്ങൾ ഉത്തർപ്രദേശിനെ മറ്റൊരു ഉത്തര കൊറിയ ആക്കണോ വേണ്ടയോ എന്ന് തീരുമാനിക്കട്ടെ എന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.
രാജ്യത്തെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയുമാണോ വേണ്ടത് അതോ ഉത്തര കൊറിയയിലെ പോലുള്ള ഏകാധിപത്യ ഭരണമാണോ വേണ്ടത് എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്ന ജനങ്ങളോട് വോട്ട് ചെയ്യാനുള്ള അവരുടെ അവകാശം വിവേകപൂർവം വിനിയോഗിക്കാൻ മാത്രമേ താൻ ആവശ്യപ്പെടുന്നുള്ളൂവെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായും കടുത്ത വിമർശനങ്ങളാണ് രാകേഷ് ടികായത്ത് ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥലമായ മുസാഫർനഗറിൽ വച്ച് ബി ജെ പി കഴിഞ്ഞ ദിവസം നടത്തിയ തിരഞ്ഞെടുപ്പ് യോഗത്തെയും നിശിത ഭാഷയിൽ രാകേഷ് ടികായത്ത് വിമർശിച്ചിരുന്നു. മുസാഫർനഗറിലുള്ള ജനങ്ങൾക്ക് ആവശ്യം വികസനമാണെന്നും ഹിന്ദു - മുസ്ലീം മാർച്ച് പാസ്റ്റിനുള്ള സ്റ്റേഡിയം അല്ല മുസാഫർനഗറെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വേണ്ടത് കൃഷി ചെയ്യാൻ ആവശ്യമായ വൈദ്യുതിയും ജലവുമാണെന്നും ഇത് നൽകാൻ സാധിക്കാത്ത സർക്കാർ പരാജയമാണെന്നും കർഷക നേതാവ് ആരോപിച്ചിരുന്നു. കർഷകരെ പിന്തുണയ്ക്കാത്ത സർക്കാരിനെ ജനങ്ങൾ തള്ളിക്കളയുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.