
ആശയപ്രകാശന രീതികൾ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ആശയങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നു. കാവ്യഭാഷയും അതിനനുസരിച്ച് പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നു. അനുവാചകർ പുതിയ കാവ്യഭാഷ പഠിക്കേണ്ടി വരുന്നു. ഈ കാവ്യഭാഷയും രചനാതന്ത്രവും പഠിക്കാനും അനുശീലനം ചെയ്യാനും പുത്തൻ തലമുറയിൽപെട്ട കവികൾ തത്പരരാണ് എന്നതത്രെ ശുഭോദർക്കം.
കെ. എം. റഷീദിന്റെ 'നിഴലിനെ ഓടിക്കുന്ന വിദ്യ" എന്ന കവിതാസമാഹാരത്തിലൂടെ കണ്ണോടിച്ചപ്പോഴാണ് ഇത്രയും ചിന്തകൾ മനസിലേക്ക് വന്നത്. കാലത്തിന്റെ പ്രതിഫലനമാകുന്നു ഈ രചനകൾ. തീവ്രമായ ചിന്തകൾ മനസിനെ വേട്ടയാടുമ്പാൾ രൂക്ഷമായ ചിന്തകളുണ്ടാവും. അവയ്ക്ക് നിയതമായ കൊടിയടയാളമില്ല.
'ഓരോ മാതിരി ചായം മുക്കിയ
കീറത്തുണിയുടെ വേദാന്തം"
എന്ന് പണ്ടേ കവി പറഞ്ഞുവച്ചിട്ടുണ്ട്. റഷീദിന്റെ കവിതയിൽ 'ഞാൻ" എന്നത് നിറവാർന്ന ഒരു സ്വത്വമാണ്. ആ സ്വത്വത്തിെന്റ ധർമസങ്കടങ്ങളെ 'ഭയം" എന്ന കവിതയിൽ ശക്തമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുന്നുണ്ട്. പിറന്നുവീണ ഈ ഭൂമിയിൽ അന്യരാകുന്ന അവസ്ഥ. സ്വന്തം നിലപാടു തറ ജീവിതവ്യമല്ലാതാകുന്ന അവസ്ഥ. അത് എത്ര ക്രൂരമാണ് എന്ന് ഭംഗ്യന്തരേണ പ്രതിപാദിക്കുന്ന കാവ്യതന്ത്രം. ഉചിതമായ ചിത്രങ്ങളിലൂടെ ആശയ പ്രകാശനം നടത്തുന്ന കൈയൊതുക്കം ഈ കവിതയിലുണ്ട്. റിയലിസ്റ്റിക് ആശയങ്ങളെ ഭാവാത്മകമാക്കി അവതരിപ്പിക്കുക അത്ര എളുപ്പമല്ല. റഷീദ് ആ കൃത്യം തന്മയത്വത്തോടെ നിർവഹിക്കുന്നു. മനുഷ്യത്വം മരവിക്കുന്ന ചെയ്തികളെക്കുറിച്ചാണ് കവിയുടെ വേവലാതി. പരാജയപ്പെട്ട് കൊണ്ടേയിരിക്കുന്ന നന്മ എന്നും വീട്ടുപടിക്കൽ കാവൽനിൽക്കേണ്ടി വരുന്നു. ആധുനികവത്കരണത്തിന്റെ അഭിശാപങ്ങളിൽ പെട്ട് വലയുന്ന മനുഷ്യൻ ഇതികർത്തവ്യതാമൂഢനായി നിൽക്കുന്നു.
പ്രതികരണങ്ങളാണ് ഈ കവിതകളത്രയും. ശക്തമായ പ്രതികരണങ്ങൾ. ഭാഷയും ശൈലിയും അതിനായി കവിയുടെ സഹായത്തിനെത്തുന്നു. സൂക്ഷ്മതയും ഏകാഗ്രതയും ഈ കവിയെ വ്യതിരിക്തനാകുന്നു. ഭാഷ തീവ്രമാകണമെന്ന് പണ്ടുള്ളവർ പറയും. പിന്നെ, ആശയങ്ങളുടെ വിന്യാസവും. അവ രണ്ടും ചേരുംപടി നിർവഹിക്കാൻ കവിക്ക് കഴിഞ്ഞിരിക്കുന്നു. അപ്രിയമായ സത്യങ്ങളുടെ നേരെ തിരിച്ചുവച്ച കണ്ണാടിയത്രെ ഈ കാവ്യ സമാഹാരം. കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 170
(ഫോൺ: 9645005420)