
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതിനോട് സഹകരിക്കാൻ തയ്യാറായി അദ്ധ്യാപക സംഘടനകൾ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. മാർച്ച് വരെ മാത്രമായിരിക്കും ശനിയാഴ്ചയും പ്രവർത്തിദിനമാവുന്നത്.
കൊവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ മാത്രമായിരിക്കും ശനിയാഴ്ചയും പ്രവർത്തിദിനമാവുന്നത്. ഉത്തരവിൽ ഇക്കാര്യം കൂടി കൂട്ടിച്ചേർക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സഹകരിക്കാമെന്ന് സംഘടനകൾ അറിയിച്ചത്. ഉത്തരവിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച അദ്ധ്യാപകർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പൂർണമായും തുറക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്താത്തതിലുള്ള പ്രതിഷേധം സംഘടനകൾ മന്ത്രിയെ നേരിട്ട് അറിയിച്ചു.
മുഴുവൻ കുട്ടികളെയും ക്ളാസുകളിൽ എത്തിക്കാൻ അദ്ധ്യാപകരുടെ കൂടി ഇടപെടലുണ്ടാകും. ഇത് സംബന്ധിച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനായി ജില്ലാതലത്തിൽ യോഗം ചേരുന്നതിനും തീരുമാനമായി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകളുടെ പരീക്ഷകൾ ഏപ്രിൽ പത്തിനുള്ളിൽ തീർക്കാനും യോഗത്തിൽ തീരുമാനമായി. മാർച്ച് 31നുള്ളിൽ പാഠഭാഗങ്ങൾ തീർക്കും. ഓൺലൈൻ ക്ളാസുകൾ നടത്തുന്നതിനായി അദ്ധ്യാപകരെ സർക്കാർ നിർബന്ധിക്കില്ലെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു. ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ളാസുകൾ നിർബന്ധമാക്കില്ല. എന്നാൽ ആവശ്യമുള്ളവർക്ക് തുടരാം. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ മാർച്ച് അവസാനം വരെ തുടരും.
എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിനാൽ എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു. ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകും. ചോദ്യപേപ്പർ തയ്യാറായതിനാൽ മാറ്റാൻ സാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. മാർക്ക് കുറയുമെന്ന ആശങ്ക വിദ്ധ്യാർത്ഥികൾക്ക് നിലനിൽക്കുന്നതിനാൽ പരിഹാരമാർഗം പിന്നീട് ആലോചിക്കും. പരീക്ഷാ നടത്തിപ്പ്, പാഠഭാഗങ്ങൾ തീർക്കുക എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി 21ന് മുൻപ് വിപുലമായ യോഗം ചേരും.