
ബെൽഗ്രേഡ്: വാക്സിൻ സ്വീകരിക്കാത്തതിനെത്തുടർന്ന് ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ കഴിയാതെ വരികയും ഓസീസ് സർക്കാർ വിസ റദ്ദാക്കുകയും ചെയ്ത വിവാദ സംഭവങ്ങളെക്കുറിച്ച് മൗനം വെടിഞ്ഞ് സെർബിയൻ ടെന്നിസ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച്. വാക്സിന് ഒരിക്കലും എതിരല്ലെന്നും എന്നാൽ സ്വന്തം ശരീരത്തിൽ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് താൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ നൊവാക്ക് വ്യക്തമാക്കി. ചെറുപ്പത്തിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ സ്വീകരിക്കാത്തതുമൂലം ഇനിയും ടൂർണമെന്റുകൾ നഷ്ടമാകുമോയെന്ന ചോദ്യത്തിന് അതാണ് ഇതിന് നൽകേണ്ട വിലയെങ്കിൽ അതിന് തയ്യാറാണെന്നും നൊവാക്ക് വെളിപ്പെടുത്തി.
ലോകത്തെ ഏറ്റവും മികച്ച ടെന്നിസ് താരം എന്ന പദവിയേക്കാൾ എന്റെ ശരീരത്തിൽ എന്ത് സ്വീകരിക്കണമെന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നൊവാക്ക് പറഞ്ഞു. അടുത്തയാഴ്ച ദുബായിൽ നടക്കുന്ന എ.ടി.പി ടൂർണമെന്റിലൂടെ കോർട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ജോക്കോ.