
കോഴിക്കോട്: മൈജി ഡിജിറ്റൽ വേൾഡിലെ വില മതിക്കാനാവാത്ത സേവനത്തിന് ചെയർമാൻ ഷാജി നൽകിയ ഉപഹാരത്തിനു പുറമേ അനീഷിനെ തേടി മലയാളിയുടെ പ്രിയനടൻ മോഹൻലാലിന്റ അഭിനന്ദനവും. ഇക്കഴിഞ്ഞ ദിവസമാണ് മൈജിക്കൊപ്പം 22 വർഷമായി തുടരുന്ന ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ സി. ആർ അനീഷിന് എ കെ ഷാജി ബെൻസ് എസ്‌യുവി കാർ സമ്മാനമായി നൽകിയത്.
അത് വലിയ വാർത്തയായിരുന്നു. പിന്നാലെയാണിപ്പോൾ അനീഷിന്റെ ഉത്തരവാദിത്ത ബോധത്തേയും അർപണബോധത്തേയും പ്രസംശിച്ചുകൊണ്ട് മോഹൻലാലിന്റെ സന്ദേശവുമെത്തിയത്. ഇതിൽപരം എന്ത് സന്തോഷമാണുള്ളതെന്നായിരുന്നു അനീഷിന്റെ പ്രതികരണം.
കൂടിനിൽക്കുന്ന പടമടക്കം വെച്ച് അനീഷിനെതേടിയെത്തിയ ശബ്ദ സന്ദേശം ഇങ്ങനെ '' ഞാൻ മോഹൻലാൽ. മൈജിയിൽ നിന്ന് അനീഷിനു കിട്ടിയ ഈ അംഗീകാരത്തിനും സ്‌നേഹോപഹാരത്തിനും അഭിനന്ദനങ്ങൾ. വർഷങ്ങളായി ഈ സ്ഥാപനത്തോടുള്ള അനീഷിന്റെ പ്രതിബദ്ധത നിറഞ്ഞ സംഭാവനകൾ വളരെ വലുതാണ് എന്ന് മനസിലാക്കിയത് കൊണ്ടാണല്ലോ അനീഷിനു വളരെ വിലപിടിപ്പുള ബെൻസ് എസ്. യു. വി സമ്മാനിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ഭാവിയിലും നിങ്ങൾ കരുതി വച്ചിരിക്കുന്ന എല്ലാ പ്രവർത്തന മേഖലകളിലും ഈ ആത്മാർഥത ഉണ്ടാവട്ടെ. ഈ അംഗീകാരം ആവോളം ആസ്വദിക്കുക. കർമം തന്നെയാവട്ടെ ലക്ഷ്യം. അത് ഈശ്വരാരധനയ്‌ക്ക് തുല്യമാണ്. വീണ്ടും ഭാവുകങ്ങൾ..പ്രാർത്ഥനകൾ...'' ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ആണ് അനീഷ് മാർക്കറ്റിങ്, പ്രൊജക്ട് ആൻഡ് മെയിന്റനെൻസ് വിഭാഗങ്ങളുടെ ചുമതലയും വഹിക്കുന്നു.
ബിസിനസിൽ നിന്നുള്ള ലാഭം തനിക്കു മാത്രമല്ല ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും കൂടി ജീവിത നിലവാരം ഉയർത്താനുള്ളതാണെന്ന കാഴ്ചപ്പാടാണ് എ.കെ. ഷാജിയെ മുന്നോട്ടു നയിക്കുന്നത്. മൈജിയില ജീവനക്കാരെ തന്റെ പാർട്‌ണേഴ്‌സായി പരിഗണിച്ചുള്ള ഷാജിയുടെ നിലപാടുതന്നെയാണ് മൈജിയുടെ അത്യപൂർവമായ വളർച്ചയ്ക്ക് പിന്നിലും.
നിറഞ്ഞ മനസോടെ ജീവനക്കാർ ജോലിയെടുത്താൽ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളർച്ചയുണ്ടാകൂ എന്നാണ് ഷാജി പറയുന്നത്. തങ്ങളുടെ ജീവനക്കാർക്ക് എല്ലാ വർഷവും വിദേശയാത്രകൾ ഉൾപ്പടെ നിരവധി ഓഫറുകൾ മൈജി നൽകുന്നു. മുമ്പും കമ്പനിയിലെ ആറ് ജീവനക്കാർക്ക് ഒരുമിച്ചു കാറുകൾ സമ്മാനമായി വാങ്ങി നൽകി മൈജി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.