
കൊൽക്കത്ത: ഐ പി എൽ ലേലവും ദേശീയ ടീമുമായി ബന്ധമൊന്നുമില്ലെന്നും നന്നായി കളിച്ചാൽ ദേശീയ ടീമിൽ തുടർന്നും സ്ഥാനമുണ്ടാകുമെന്നും ഇന്ത്യൻ ടീം ക്യാപ്ടൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി ട്വന്റിക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്.
ഇഷാൻ കിഷനെയും സ്രേയസ് അയ്യറിനെയും പോലുള്ള യുവതാരങ്ങൾ ഇക്കഴിഞ്ഞ ഐ പി എൽ ലേലത്തിൽ കോടികൾ സ്വന്തമാക്കിയിരുന്നു. ഇഷാൻ കിഷന് 15.25 കോടിയും ശ്രേയസ് അയ്യറിന് 12.25 കോടിയുമാണ് ലേലത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ ഈ കണക്കുകൾ കൊണ്ട് മാത്രം ദേശീയ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കില്ലെന്ന സൂചനയാണ് രോഹിത് നൽകുന്നത്.
ഐ പി എല്ലിൽ ഒരുപക്ഷേ ഓപ്പണറായി തിളങ്ങുന്ന താരത്തിന് ദേശീയ ടീമിൽ മദ്ധ്യനിരയിലായിരിക്കും സ്ഥാനം. അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് വേണ്ടി വഴിമാറി കൊടുക്കേണ്ടി വരുമെന്നും അതിൽ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ലെന്നും രോഹിത് പറഞ്ഞു.
ഐ പി എൽ ലേലത്തിൽ എന്ത് നടന്നുവെന്നത് ഇനി ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടുത്ത രണ്ടാഴ്ച ദേശീയ ടീമിന്റെ മത്സരങ്ങളാണെന്നും അതിനെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും രോഹിത് വ്യക്തമാക്കി. ഐ പി എല്ലിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയ രോഹിത് ഐ പി എൽ ആരംഭിക്കുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാമെന്നും ഇപ്പോൾ ദേശീയ ടീമിനെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും വ്യക്തമാക്കി.
നാളെ വൈകിട്ട് 7.30ന് കൊൽക്കത്തയിൽ വച്ചാണ് ഇന്ത്യ - വെസ്റ്റിൻഡീസ് ആദ്യ ടി ട്വന്റി മത്സരം. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3 - 0ന് വിജയിച്ചിരുന്നു.