
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഒന്നര കോടിയിലേറെ കാഴ്ചക്കാരെ നേടി വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്നഗാനം. ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ പ്രമോയും ഏറെ ആസ്വാദകരെ നേടിക്കൊടുത്തു. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ അറബിക് കുത്തിന്റെ രചയിതാവ് നടൻ ശിവകാർത്തികേയനാണ്. നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള ശിവകാർത്തികേയന്റെ ഏറ്റവും മികച്ച പാട്ടായി അറബിക് കുത്ത് മാറി. അറബിക് സംഗീതത്തിനൊപ്പം തമിഴ് കുത്തുപ്പാട്ടിന്റെ ഈണവും ചേർത്തൊരുക്കിയതാണ് ഈ ഗാനം. സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായിക. വിജയ്‌യുടെ 65-ാത് ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം നടത്തുന്നു. സംവിധായകൻ ശെൽവരാഘവനും സുപ്രധാന വേഷത്തിൽ എത്തുന്നു. ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി ആണ് പ്രതിനായകൻ. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.