
മോസ്കോ:റഷ്യ ഇന്ന് യുക്രെയിനെ ആക്രമിച്ചേക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പിനിടെ, യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള റഷ്യൻ സേനയെ ഇന്നലെ ഭാഗികമായി പിൻവലിച്ചതോടെ യുദ്ധഭീതി തൽക്കാലത്തേക്കെങ്കിലും അകന്നു.
യുക്രെയിനിന്റെ തെക്കും വടക്കും കിഴക്കും അതിർത്തികളിലായി 1.30 ലക്ഷം സൈനികരെയാണ് റഷ്യ വൻ ആക്രമണ സന്നാഹങ്ങളോടെ വിന്യസിച്ചിരുന്നത്. ഇതിൽ ദക്ഷിണ, പശ്ചിമ യൂണിറ്റുകളെ താവളങ്ങളിലേക്ക് പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ വക്താവാണ് പ്രഖ്യാപിച്ചത്. എന്നാൽ എത്ര സൈനികരെയാണ് പിൻവലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കൻ മുന്നറിയിപ്പിനു പിന്നാലെ യുദ്ധത്തിന് സർവസജ്ജമായ റഷ്യൻ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനിയായ മാക്സർ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. അതോടെ യുദ്ധഭീതി രൂക്ഷമായതിനിടെയാണ് റഷ്യയുടെ സേനാ പിന്മാറ്റ പ്രഖ്യാപനം.
ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ അതിർത്തി മേഖലകളിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നൂറുകണക്കിന് സൈനിക കൂടാരങ്ങളും ആക്രമണ വിമാനങ്ങളും ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ദൃശ്യങ്ങളിലുണ്ട്. ബെലാറൂസ് അതിർത്തിയിൽ പത്ത് ദിവസമായി റഷ്യൻ പട്ടാളം സൈനികാഭ്യാസം നടത്തുന്നുണ്ടായിരുന്നു. യുക്രെയ്‌നിൽ നിന്ന് റഷ്യ എട്ടു വർഷം മുൻപ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരക്കടലിൽ റഷ്യയുടെ ആറു യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും നാവികാഭ്യാസവും തുടങ്ങിയിരുന്നു. മുപ്പതിനായിരത്തോളം റഷ്യൻ ഭടന്മാർ പങ്കെടുക്കുന്ന അഭ്യാസം ഈ മാസം 20 വരെയാണ് നിശ്ചയിച്ചിരുന്നത്.
സംഘർഷത്തിന് നയതന്ത്ര പരിഹാരം സാദ്ധ്യമാണെന്നും സൈനിക പരിശീലനപരിപാടികളിൽ ചിലത് നിർത്തി വയ്ക്കുകയാണെന്നുമുള്ള നിലപാടിലേക്ക് തിങ്കളാഴ്ച തന്നെ റഷ്യ അയഞ്ഞിരുന്നു. അതിർത്തിയിലെ സേന ദൗത്യം പൂർത്തിയാക്കി താവളങ്ങളിലേക്ക് മടങ്ങുന്നു എന്നാണ് ഇന്നലെ റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
അതേസമയം, പാശ്ചാത്യ സഖ്യകക്ഷികളുടെ സഹായത്തോടെ റഷ്യൻ ആക്രമണം തടയാൻ കഴിഞ്ഞതായും ഇത് നയതന്ത്ര വിജയമാണെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. പാശ്ചാത്യ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നലെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തി.
ആക്രമണവുമായി മുന്നോട്ടു പോയാൽ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്‌ചാത്യ ശക്തികൾ മുന്നറിയിപ്പു നൽകിയിരുന്നു. എങ്കിൽ എണ്ണ സപ്ലൈ നിറുത്തുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ റഷ്യ തിരിച്ചടിക്കുമെന്ന് പാശ്ത്യ ശക്തികൾക്കും ആശങ്കയുണ്ട്.
യുദ്ധത്തിന് മുതിരരുതെന്നാണ് റഷ്യയോടുള്ള അവരുടെ ആവശ്യം. യുക്രെയിൻ ഉൾപ്പെടെയുള്ള മുൻ സോവിയറ്റ് രാജ്യങ്ങളെ നാറ്റോ സഖ്യത്തിൽ ചേർക്കരുതെന്നും യുക്രെയിനിലെ നാറ്റോ ആയുധ വിന്യാസങ്ങൾ അവസാനിപ്പിക്കണമെന്നും പൂർവയൂറോപ്പിലെ നാറ്റോ സൈനിക സാന്നിദ്ധ്യം ഒഴിവാക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. പാശ്ചാത്യ ശക്തികൾ ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കയാണ്.
നാറ്റോയുടെ സാമ്രാജ്യമോഹങ്ങൾ മുൻ സോവിയറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണ് റഷ്യയുടെ വാദം. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രോഷാകുലനായാണ് നാറ്റോയുടെ അധിനിവേശ മോഹങ്ങളെ വിമർശിച്ചത്. പുട്ടിന്റെ നിലപാടിന് റഷ്യയിൽ വൻ ജനപിന്തുണയാണുള്ളത്.
16,000 ഇന്ത്യൻ
വിദ്യാർത്ഥികൾ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിലെ ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് തൽക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങാൻ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇന്ത്യൻ എംബസി സാധാരണ നിലയിൽ പ്രവർത്തിക്കും. പതിനാറായിരം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയിനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നത്. ഇവരെ കൂടാതെ പ്രൊഫഷണലുകൾ ഉൾപ്പെടെ ചെറിയ ഒരു ഇന്ത്യൻ സമൂഹവും രാജ്യത്തുണ്ട്. ഇവരുടെയെല്ലാം വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നുണ്ട്.