
ഇന്ത്യ - വെസ്റ്റിൻഡീസ് ഒന്നാം ട്വന്റി- 20 ഇന്ന്
കൊൽക്കത്ത: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. രാത്രി 7.30 മുതൽ ഈഡൻ ഗാർഡൻസിലാണ് മത്സരം. 8 മാസത്തിനപ്പുറമുള്ള ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് ഈ പരമ്പര. ഇക്കാര്യം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ബാറ്റിംഗ് കോച്ച് വിക്രം രാത്തോറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ ടൂർണമെന്റുകൾക്ക് മുന്നോടിയായി നടക്കുന്ന മത്സരങ്ങളെ പരീക്ഷണം എന്ന് പറയുന്നത് ശരിയല്ലെന്നും അത് യുവതാരങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നും രോഹിത് വ്യക്തമാക്കി. പരീക്ഷണം എന്ന വാക്ക് തന്നെ പറഞ്ഞ് പറഞ്ഞ് കബളിപ്പിക്കലാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ്. അങ്ങനെ ടീമിൽ ആവശ്യമുള്ള ഭാഗത്തെ വിടവുകൾ നികത്താൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം- രോഹിത് പറഞ്ഞു.
കെ.എൽ. രാഹുലും അക്ഷർ പട്ടേലും പോലുള്ള പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് ദൗർഭാഗ്യകരമാണെന്നും എല്ലാവരേയും ഒന്നിച്ച് കിട്ടിയാലേ ആർക്കൊക്കെ എന്തൊക്കെ റോളുകൾ നല്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂവെന്ന് റാത്തോർ ചൂണ്ടിക്കാട്ടി.
മറുവശത്ത് ഏകദിനത്തിൽ പരമ്പര തൂത്തുവാരിയപോലെ ട്വന്റി-20കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ട്വന്റി-20 വളരെ ശക്തമായ ടീമാണ് വിൻഡീസിന്റേത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ് കളത്തിലിറങ്ങുന്നത്.
പന്ത് വൈസ് ക്യാപ്ടൻ
കെ.എൽ രാഹുലിന് പരിക്കേറ്റതിനാൽ റിഷഭ് പന്തായിരിക്കും വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടൻ എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന രീതിയിലുള്ള ചർച്ചകൾ ശരിവയ്ക്കുന്നതാണ് സെലക്ഷൻ കമ്മിറ്റിയുടെ ഈതീരുമാനം. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ച് തന്റെ നേതൃഗുണം പന്ത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
സുന്ദറിന് പകരം കുൽദീപ്
ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം കൈക്കുഴ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ, അക്ഷർ എന്നിവരും പരിക്ക് മൂലം പുറത്തിരിക്കുന്നതിനാൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കും. ലോകകപ്പിൻ മുൻനിറുത്തിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഈപരമ്പരയെന്ന് രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുലിന്റെ അഭാവത്തിൽ രോഹിതിനൊപ്പം ആര് ഓപ്പണിംഗിനിറങ്ങും എന്നത് പ്രധാന കാര്യമാണ്. ഇഷാൻ കിഷന് തന്നെയാണ് ആദ്യ പരിഗണനയെങ്കിലും ഉപനായകൻ പന്തിനേയും ഓപ്പണിംഗിൽ പരീക്ഷിച്ചേക്കാം. ടീമിലുള്ള ആറ് പേസർമാരിൽ മൂന്ന് പേർക്ക് അവസരം ലഭിക്കും. ഡെത്ത് ഓവറുകളിൽ മികവ് പുലർത്തുന്ന ഹർഷൽപട്ടേലിന് അവസരം ലഭിച്ചേക്കും.
സാദ്ധ്യതാ ടീം: രോഹിത്, ഇഷാൻ, കൊഹ്‌ലി,പന്ത്, സൂര്യകുമാർ, ശ്രേയസ്, ഹർഷൽ, കുൽദീപ്,സിറാജ്,ചഹൽ, ആവേശ്.
ശ്രദ്ധ പൊളള്ലാഡിലേക്ക്
പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്ടൻ കീറോൺ പൊള്ളാഡ് ഇന്ന് വിൻഡീസ് നിരയിലുണ്ടാകുമോയെന്ന കാര്യത്തിൽ ഇന്നലേയും വ്യക്തത വന്നിട്ടില്ലായിരുന്നു. അവസാന രണ്ട് ഏകദിനങ്ങളിലും പരിക്ക് മൂലം അദ്ദേഹം കളിച്ചിരുന്നില്ല. പൊള്ലാഡ് കളിച്ചില്ലെങ്കിൽ വെറ്റ്‌റൻ ആൾറൗണ്ടർ ഡ്വെയിൻ ബ്രാവോയൊ റോസ്റ്റൺ ചേസോ ആദ്യ പതിനൊന്നിൽ ഇടം നേടിയേക്കും.
സാദ്ധ്യതാ ടീം: മേയേഴ്സ്,കിംഗ്, പൂരൻ,പൊള്ലാഡ്,പവൽ,ഹോൾഡർ, റൊമാരിയോ, ഫാബിയൻ,സ്മിത്ത്,ഹൊസെയിൻ, കോട്ട്‌റൽ.
പിച്ചും കാലാവസ്ഥയും
പേസും ബൗൺസുമുള്ള പിച്ചാണ്. രാത്രിയിലെ മഞ്ഞ് വീഴ്ച പ്രധാന ഘടകമാണ്. അതിനാൽ തന്നെ ടോസ് നിർണായകമാണ്.
നേർക്കുനേർ
ട്വന്റി-20യിൽ ഇതുവരെ രണ്ട് ടീമും 17 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 10 തവണയും ഇന്ത്യ ജയിച്ചു. വിൻഡീസ് ആറെണ്ണവും.
കൊഹ്‌ലിയെ വെറുതേ വിടൂ,
അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല
ഫോമിലല്ലാത്ത മുൻനായകൻ വിരാട് കൊഹ്‌ലിക്ക് പൂർണ പിന്തുണയുമായി പുതിയ നായകൻ രോഹിത് ശർമ്മ. ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ല വിർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ രോഹിതിന്റെ കടുത്ത പ്രതികരണം. കൊഹ്‌ലിയെ വെറുതേ വിടൂ, അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഇതെല്ലാം തുടങ്ങിയത് നിങ്ങളാണ്. കുറച്ച് നാളത്തേക്ക് നിങ്ങൾ മിണ്ടാതിരുന്നാൽ എല്ലാം ശരിയാകും. പത്ത് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന കൊഹ്‌ലിക്ക് ഒരു സമ്മർദ്ദവുമില്ല.- രോഹിത് പറഞ്ഞു.