
കറാച്ചി: പാകിസ്ഥാനിൽ ഏറെ പ്രതിഷേധങ്ങൾ സൃഷ്ടിച്ച മോഡൽ ഖൻദീൽ ബലോചിന്റെ ദുരഭിമാനക്കൊലയിലെ പ്രതിയായ സഹോദരനെ കോടതി കുറ്റവിമുക്തനാക്കി. പാക് സോഷ്യൽ മീഡിയയിലൂടെ വൈറലായ ഖൻദീലിനെ ( 26 ) ശ്വാസംമുട്ടിച്ച് കൊന്ന അനുജൻ മുഹമ്മദ് വസീമിനെ അഞ്ചുവർഷത്തെ ജയിൽശിക്ഷയ്ക്ക് ശേഷം മുൾട്ടാനിലെ കോടതിയാണ് കുറ്റവിമുക്തനാക്കാൻ തീരുമാനിച്ചത്. വസീമിന് മാതാപിതാക്കൾ മാപ്പ് നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം. വസീം ഈ ആഴ്ച ജയിൽ മോചിതനാകുമെന്നാണ് വിവരം. 2019ൽ കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
2016 ജൂലായിലാണ് നടിയും മോഡലുമായ ഫൗസിയ അസീം എന്ന ഖൻദീൽ കൊല്ലപ്പെട്ടത്. മയക്കു ഗുളിക നൽകി ബോധരഹിതയാക്കിയ ശേഷം ഖൻദീലിന്റെ കഴുത്ത് ഞെരിച്ചാണ് വസീം കൊലപാതകം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഖൻദീൽ പോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും കുടുംബത്തിന് അപമാനമായെന്നും ഇതാണ് കൊലയിലേക്ക് തന്നെ നയിച്ചതെന്നുമായിരുന്നു വസീം പൊലീസിനോട് പറഞ്ഞത്.