
കൊച്ചി: എനർജി മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മാൾ ഹൈഡ്രോ പ്രമോഷൻ സെൽ വഴി ബൂട്ട് (ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ സ്വകാര്യ സംരഭകർക്കനുവദിച്ച പദ്ധതികളിൽ മൂന്നെണ്ണം നടപ്പിലാക്കുന്നതിനുള്ള ഇംപ്ലിമെന്റേഷൻ എഗ്രിമെന്റ് വൈദ്യുതി വകുപ്പു മന്ത്റി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ സംരഭകർ ഒപ്പുവച്ചു.
ഈ പദ്ധതികൾ നടപ്പിലാവുന്നതോടുകൂടി 12.75 മെഗാവാട്ട് സ്ഥാപിതശേഷി കൂടി കൈവരിക്കാൻ സാധിക്കും.
ഇംപ്ലിമെന്റേഷൻ എഗ്രിമെന്റ് ഒപ്പുവച്ച കമ്പനികൾ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പ്രായോഗികതാ
റിപ്പോർട്ടുകൾക്ക് അനുമതി ലഭിച്ച് 36 മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണം. സർക്കാർ ലക്ഷ്യമിടുന്ന ഹരിതോർജ്ജം വഴിയുള്ള ഊർജ്ജോത്പാദനത്തിന് ആക്കം കൂട്ടുന്നവയാവും ഈ മൂന്ന് പദ്ധതികളും.
സർക്കാരിനെ പ്രതിനിധീകരിച്ച് ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കരാറിൽ ഒപ്പുവച്ചത്. കമ്പനികളെ പ്രതിനിധീരിച്ച് ടി. കെ. സുന്ദരേശൻ, അജയ് സുന്ദരേശൻ, ജയദീപ് സുന്ദരേശൻ, വൈ. സ്ലീബാച്ചൻ, നെൽസൺ സെബാസ്റ്റ്യൻ എന്നിവരും ഇ. എം. സി. ഡയറക്ടർ ഡോ.ആർ. ഹരികുമാർ , ഇ. എം. സിയിലെ മറ്റ്
ഉദ്യോഗസ്ഥരും പങ്കെടുത്തു.
എനർജി മാനേജ്‌മെന്റ് സെന്റർ വഴി 50.11 മെഗാവാട്ട് ശേഷിയുള്ള 8 ചെറുകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ ആനക്കംപോയിൽ, അരിപ്പാറ എന്നിവ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കമ്മീഷൻ ചെയ്തവയാണ്.
ഒപ്പുവച്ച പദ്ധതികൾ
ആറ്റില I (പാലക്കാട്) - ദർശൻ ഹൈഡ്രോ പവർ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് - 6 മെഗാവാട്ട്
ആറ്റില II (പാലക്കാട് ) - ദർശൻ റിന്യൂവബിൾ എനർജീസ് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് - 6 മെഗാവാട്ട്
കാങ്ങാപ്പുഴ (ഇടുക്കി) - നെൽസൺസ് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് - 0.75 മെഗാവാട്ട്