pinarayi-vijayan-

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാദ്ധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ. ബി.അശോകിന്റെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വൈദ്യുതി ബോർഡ് ചെയർമാന്റെ ആരോപണം ഒന്നാം പിണറായി സർക്കാർ നടത്തിയ അഴിമതികളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഒന്നാം മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെല്ലാം പുറത്ത് വന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു. അതേ മാതൃകയാണ് ഇടത് സർക്കാരും പിന്തുടരുന്നത്. തന്റെ ആദ്യ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. വൈദ്യുതി മന്ത്രിയുടെത് കുറ്റകരമായ മൗനമാണ്. കെഎസ്ഇബി ചെയർമാനെ മുൻ മന്ത്രി എംഎം മണി ഭീഷണിപ്പെടുത്തുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്.

മണി മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയർമാൻ പറഞ്ഞത് ഗൗരവതരമാണ്. പിണറായി വിജയന്റെ ഭരണത്തിൽ സിഐടിയുവും ഇടത് യൂണിയനുകളും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.