
ടൊറന്റോ : കാനഡയിലെ കൊവിഡ് നിയന്ത്രണങ്ങൾക്കും നിർബന്ധിത വാക്സിനേഷനുമെതിരെ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ അടിയന്തരാവസ്ഥ നിയമം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിവിധ കനേഡിയൻ നഗരങ്ങളിലേക്ക് പ്രതിഷേധം അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതുപ്രകാരം, കോടതി ഉത്തരവിന്റെ ആവശ്യമില്ലാതെ പ്രതിഷേധക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനോ പ്രതിഷേധക്കാരെ തടവിലാക്കാനോ പിഴചുമത്താനോ പൊലീസിന് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്നും ട്രൂഡോ വ്യക്തമാക്കി. നിയമനിർമാണം താത്കാലികമായിരിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.
യു.എസ് - കനേഡിയൻ അതിർത്തി കടക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതോടെയാണ് ' ഫ്രീഡം കൺവോയ് " എന്ന പേരിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. അതിർത്തി റോഡുകൾ അടുത്തിടെ പ്രതിഷേധക്കാർ തടഞ്ഞത് വ്യാപാര പ്രതിസന്ധിയ്ക്ക് കാരണമായിരുന്നു. തലസ്ഥാനമായ ഒട്ടാവയിൽ ഇന്നലെ കനത്ത ശൈത്യത്തെ വകവയ്ക്കാതെ 4000ത്തോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.