
ജലന്ധർ: ഇക്കഴിഞ്ഞ ഐ പി എൽ ലേലത്തിൽ കോടികളാണ് ഓരോ താരങ്ങളും സ്വന്തമാക്കിയത്. എന്നാൽ ആ കോടികളെകാളും വിലയുണ്ട് രമേശ് കുമാറിന് ലഭിച്ച 20 ലക്ഷം രൂപയ്ക്ക്. കഴിഞ്ഞ ഏഴ് വർഷമായി പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ ടെന്നിസ് ബാൾ ക്രിക്കറ്റിൽ സജീവമായിരുന്നു 23കാരനായ ഈ പഞ്ചാബ് സ്വദേശി. ഓരോ മത്സരത്തിലും അദ്ദേഹത്തിന് ലഭിച്ചിരുന്നത് 500 മുതൽ 1000 രൂപ വരെയായിരുന്നു. ആ അവസ്ഥയിൽ ഒറ്റയടിക്ക് 20 ലക്ഷം രൂപ കൈയിൽ വരുമ്പോൾ ആർക്കായാലും സന്തോഷം വരില്ലേ?
പക്ഷേ രമേഷ് കുമാറിന്റെ യഥാർത്ഥ സന്തോഷത്തിന് കാരണം അതല്ല. ഇത്രയും തുക ലഭിച്ച സ്ഥിതിക്ക് ഇനി തന്റെ പിതാവിന് പഞ്ചാബിലെ തെരുവുകളിൽ മറ്റുള്ളവരുടെ ചെരുപ്പ് നന്നാക്കി ജീവിതം തള്ളിനീക്കേണ്ടി വരില്ല, തന്റെ അമ്മയ്ക്ക് വീടുകൾ തോറും കയറിയിറങ്ങി വളകൾ വിൽക്കേണ്ടിയും വരില്ല എന്നതാണ് രമേശിന്റെ സന്തോഷത്തിന്റെ കാരണം. പഞ്ചാബിലെ ഒരു സാധാരണ ചെരുപ്പുകുത്തിയുടെ മകനായി ജനിച്ച രമേശ് കുമാറിന് ഐ പി എല്ലും ക്രിക്കറ്റും കൊണ്ടു വരുന്ന സൗഭാഗ്യങ്ങൾ ചില്ലറയല്ല. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് രമേഷ് കുമാറിനെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.
ലേലത്തിൽ കൊൽക്കത്ത തന്നെ സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോൾ രമേശ് ആദ്യം ചെയ്തത് ഇനി മുതൽ ജോലിക്ക് പോകില്ലെന്ന് തന്റെ പിതാവിനെയും അമ്മയേയും പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. താൻ ടെന്നിസ് ബാൾ ക്രിക്കറ്റ് കളിച്ചു തുടങ്ങിയപ്പോൾ തന്നെ മാതാപിതാക്കളോട് ജോലിക്ക് പോകേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് രമേശ് പറയുന്നു. എന്നാൽ വരുമാനത്തിന്റെ സ്ഥിരതയെ കുറിച്ച് സംശയം ഉണ്ടായിരുന്ന മാതാപിതാക്കൾ തന്റെ നിർദ്ദേശത്തെ അവഗണിച്ചെന്ന് രമേശ് പറയുന്നു. ഇപ്പോൾ ഐ പി എല്ലിൽ കോൺട്രാക്ട് ലഭിച്ചതോടെ തന്റെ കഴിവിൽ അവർക്ക് ചെറിയ വിശ്വാസം വന്നിട്ടുണ്ടെന്നും അത് കൊണ്ട് മാത്രമാണ് ജോലിക്ക് പോയി കഷ്ടപ്പെടേണ്ടെന്ന നിർദ്ദേശം അവർ അംഗീകരിച്ചതെന്നും രമേശ് വ്യക്തമാക്കി. തനിക്ക് ലഭിച്ച തുകയുടെ ഒരു ഭാഗം തന്റെ ഇളയ സഹോദരങ്ങളുടെ പഠിപ്പിന് വേണ്ടി ചെലവാക്കാനും രമേശിന് പദ്ധതിയുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി ടെന്നിസ് ബാൾ ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ലെതർ ബാൾ കൊണ്ടുള്ള ക്രിക്കറ്റ് രമേശ് കളിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നതേയുള്ളു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിൽ ചേർന്നതിന് ശേഷമാണ് രമേശ് ലെതർ ബാൾ ഉപയോഗിച്ച് പരിശീലനം ആരംഭിച്ചത്. പിന്നാലെ രഞ്ജി ടീമിൽ വരെ പ്രവേശനം നേടിയ രമേശ് ഐ പി എല്ലിൽ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നെന്നും അതിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടതിനാലാണ് തന്നെ അടിസ്ഥാന വിലയ്ക്ക് എടുക്കാൻ കൊൽക്കത്ത മാനേജ്മെന്റ് തയ്യാറായതെന്നും രമേശ് പറഞ്ഞു.
പഞ്ചാബ് രഞ്ജി ടീമിലുള്ള ഗുർക്കീരത് സിംഗാണ് രമേശിനെ കൊൽക്കത്തയുടെ ട്രയൽസിൽ പങ്കെടുക്കാൻ സഹായിച്ചത്. ലേലത്തിൽ തന്നെ കൊൽക്കത്ത സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെങ്കിലും കളിക്കാൻ ഒരു അവസരം കിട്ടുന്നതിന് വേണ്ടിയാണ് തന്റെ അടുത്ത ശ്രമമെന്നും എങ്കിൽ മാത്രമേ തന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാകുകയുള്ളൂവെന്നും രമേശ് പറഞ്ഞു.