blast

കണ്ണൂ‌ർ: തോട്ടടയിൽ വിവാഹദിനം ഉണ്ടായ ബോംബേറിൽ യുവാവ് മരിച്ച കേസിൽ മുഖ്യപ്രതികളിൽ ഒരാളായ മിഥുൻ പൊലീസിൽ കീഴടങ്ങി. ഇയാൾക്ക് വേണ്ടി പൊലീസ് നാടാകെ അന്വേഷിക്കുന്നതിനിടെ എടക്കാട് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

തോട്ടടയിൽ വിവാഹവീട്ടിലേക്ക് എറിഞ്ഞ ബോംബ് അബദ്ധത്തിൽ തലയിൽ വീണ് പൊട്ടി മിഥുന്റെ സംഘാംഗമായ എച്ചൂർ സ്വദേശി വിഷ്‌ണു(26) കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സംഘാംഗമായ അക്ഷയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതോടെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മിഥുൻ ജില്ലയിൽ നിന്ന് മുങ്ങി. ഇയാൾക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

നാടൻ ബോംബ് നിർമ്മിച്ചതും എറിഞ്ഞതും മിഥുനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പടക്കങ്ങൾ വാങ്ങിയശേഷം ഇതിൽ നിന്നാണ് ബോംബുണ്ടാക്കിയത്. വരന്റെ വീട്ടിൽ വിവാഹപാർട്ടി കടന്നുവരുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആദ്യം എറിഞ്ഞ നാടൻ ബോംബ് പൊട്ടിയില്ല. രണ്ടാമത് എറിഞ്ഞത് സംഘാംഗമായ ജിഷ്‌ണുവിന്റെ തലയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.

ശനിയാഴ്‌ച വിവാഹ സൽക്കാരത്തിനിടെ പാട്ട് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വരന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പിന്നീട് വരന്റെ കുടുംബാംഗങ്ങൾ ഇടപെട്ട് പരിഹരിച്ചതിന് പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായത്. ബോംബ് വീണ് തൽക്ഷണം ജിഷ്‌ണു മരിച്ചു.