djokovic

ലണ്ടൻ: ഗ്രാൻഡ്‌സ്ലാം ഉൾപ്പെടെയുള്ള ടെന്നിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കൊവിഡ് വാക്സിൻ നിർബന്ധമാക്കിയാൽ ടെന്നിസിൽ നിന്ന് വിരമിക്കാൻ വരെ തയ്യാറാണെന്ന് നോവാക് ജോക്കോവിച്ച്. അന്താരാഷ്ട്ര മാദ്ധ്യമമായ ബി ബി സിക്ക് നൽകിയ അഭിമുഖത്തിലാണ് ജോക്കോവിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം താൻ വാക്സിൻ എടുക്കുന്നതിന് എതിരല്ലെന്നും പക്ഷേ നിർബന്ധപൂർവം വാക്സിൻ എടുപ്പിക്കുന്നതിന് എതിരെയാണ് തന്റെ പ്രതിഷേധമെന്നും ജോക്കോവിച്ച് പറഞ്ഞു. വാക്സിൻ എടുക്കണമെന്നുള്ളവർക്ക് എടുക്കാമെന്നും എന്നാൽ വാക്സിൻ സ്വീകരിക്കണമോ എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ജോക്കോവിച്ച് കൂട്ടിച്ചേർത്തു.

തന്റെ ശരീരത്തെ കുറിച്ചും ആരോഗ്യത്തെകുറിച്ചും മറ്റാരെക്കാളും ഉത്തരവാദിത്തം തനിക്കുണ്ടെന്നും ആ ഉത്തരവാദിത്തം ഏതൊരു കിരീടനേട്ടത്തെക്കാളും വലുതാണെന്നും ജോക്കോവിച്ച് വ്യക്തമാക്കി. കൊവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ എത്തിയ ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ അധികൃതർ മടക്കി അയച്ചത് വലിയ വിവാദമായിരുന്നു.

ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിന് വേണ്ടി താൻ ഒരിക്കൽ പോലും ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും മറ്റാരെയും പോലുള്ള പരിഗണന തന്നെയാണ് തനിക്ക് അധികാരികളിൽ നിന്ന് ലഭിച്ചതെന്നും ജോക്കോവിച്ച് സൂചിപ്പിച്ചു. കൊവിഡ് ടെസ്റ്റ് റിസൾട്ട് ഉൾപ്പെടെ മെഡിക്കൽ ഇളവിന് വേണ്ടി ടൂർണമെന്റ് അധികൃതർ ആവശ്യപ്പെട്ട എല്ലാ രേഖകളുമടക്കമാണ് താൻ ആപ്ളിക്കേഷൻ അയച്ചതെങ്കിലും അവിടെയെത്തിയപ്പോൾ തന്റെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും ജോക്കോവിച്ച് പറഞ്ഞു.