
ചികിത്സയുടെ ചെലവും ആശുപത്രി ബില്ലും മരണഭീതിയേക്കാൾ വലിയ ഭീതിയാണ് സാധാരണക്കാർക്ക്. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വേണ്ടിവന്നാൽ ചെലവ് ലക്ഷങ്ങൾ കവിയും. പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്കും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ഇ.എസ്.ഐ സ്കീം പ്രകാരം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് മെച്ചപ്പെട്ട സൗജന്യ ചികിത്സാ സൗകര്യം ലഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ നീണ്ടുപോകുന്നത് വിദഗ്ധ ചികിത്സ ആവശ്യമായ ആയിരക്കണക്കിന് തൊഴിലാളികളെ വലയ്ക്കുകയാണ്. ലോക്ക്ഡൗൺ കാരണം തൊഴിലില്ലാതായ ഇ.എസ്.ഐ അംഗങ്ങൾക്ക് നിശ്ചിതദിവസത്തെ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നിഷേധിക്കപ്പെടുന്നത്.
ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികൾക്ക് ആറ് മാസത്തെ ഒരു കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസത്തെ ഹാജർ വേണമെന്ന നിബന്ധനയാണ് വിനയാകുന്നത്. കൊവിഡിന് മുമ്പാണ് ഒരു വർഷത്തെ രണ്ട് കോൺട്രിബ്യൂഷൻ കാലയളവിൽ ഏതെങ്കിലും ഒന്നിൽ 78 ഹാജർ എന്ന വ്യവസ്ഥ നിർബ്ബന്ധമാക്കിയത്. തുടർച്ചയായി തൊഴിൽ ലഭിക്കാത്ത കശുഅണ്ടി, കയർ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ വ്യവസ്ഥ മൂലം ഹൃദ്രോഗം, കാൻസർ, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയാണ് നഷ്ടപ്പെടുത്തുന്നത്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അനേകായിരങ്ങളാണ് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഇ.എസ്.ഐ സ്കീമിൽ അംഗമായ തൊഴിലാളിയുടെ ഭാര്യ / ഭർത്താവ്, മക്കൾ എന്നിവർക്കും അടിയന്തര ചികിത്സയ്ക്ക് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെങ്കിലും അവർക്കും ഇപ്പോൾ അത് ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. വർഷങ്ങളോളം ഇ.എസ്.ഐ വിഹിതം അടച്ച തൊഴിലാളികൾക്ക് പോലും കൊവിഡ് കാലത്തെ ഹാജരിന്റെ പേരിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
രോഗങ്ങൾ മൂലം ചികിത്സയിൽ കഴിയുകയോ വിശ്രമിക്കുകയോ ചെയ്യുന്നതു മൂലം ജോലിയ്ക്കെത്താൻ കഴിയാത്ത തൊഴിലാളികൾക്ക് രോഗാനുകൂല്യങ്ങൾ ലഭിക്കാൻ 39 ദിവസത്തെ ഹാജർ മതിയാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് ഒരു വർഷം മുമ്പ് തീരുമാനിച്ചെങ്കിലും ഇനിയും വിജ്ഞാപനമായി ഇറങ്ങാൻ വൈകുന്നത് മൂലം അതും ലഭിക്കുന്നില്ല. ഈ മാസം 11, 12 തീയതികളിൽ ഡൽഹിയിൽ ചേർന്ന ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിൽ കേരളത്തിൽ നിന്നുള്ള ഡയറക്ടർ ബോർഡംഗങ്ങൾ ഈ വിഷയം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഉപേന്ദ്രയാദവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.എസ്.ഐ ഡയറക്ടർ ബോർഡംഗം വി.രാധാകൃഷ്ണൻ പറഞ്ഞു. ഹാജർ വ്യവസ്ഥ കർശനമാക്കാതെ അംഗങ്ങൾക്കും ആശ്രിതർക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടി വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന്റെ ഔദാര്യമല്ല
തൊഴിലാളികൾക്കും ആശ്രിതർക്കും മികച്ച ചികിത്സാ സൗകര്യം ലഭിക്കുന്നത് ഇ.എസ്.ഐ കോർപ്പറേഷന്റെ ഔദാര്യമല്ല, തൊഴിലാളികളുടെ അവകാശമാണ്. ഇ.എസ്.ഐ സ്കീമിൽ അംഗമാകുന്ന ഒരു തൊഴിലാളിയുടെ വേതനത്തിൽ നിന്ന് മാസംതോറും ഈടാക്കുന്ന തുകയും തൊഴിലുടമയുടെ വിഹിതവും ചേർന്ന തുകയിൽ നിന്നാണ് ചികിത്സാസൗകര്യം നൽകുന്നത്. സംഘടിതവും അസംഘടിതവുമായ മേഖലകളിൽ പ്രതിമാസം 20,000 രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലാളികൾക്കാണ് ഇ.എസ്.ഐ സ്കീമിൽ അംഗമാകാവുന്നത്. ശമ്പളത്തിന്റെ 4.50 ശതമാനമാണ് ഒരു തൊഴിലാളിയുടെ പേരിൽ പ്രതിമാസം ഇ.എസ്.ഐ കോർപ്പറേഷനിൽ അടയുന്നത്. അതായത് 10,000 രൂപ ശമ്പളം വാങ്ങുന്ന തൊഴിലാളിയുടെ പേരിൽ 450 രൂപ പ്രതിമാസം കോർപ്പറേഷന് ലഭിക്കും. ഇതിൽ 2.75 ശതമാനം തുക തൊഴിലുടമയും 1.75 ശതമാനം തുക തൊഴിലാളിയുമാണ് നൽകേണ്ടത്. സ്കീമിൽ 10 ലക്ഷത്തോളം തൊഴിലാളികളുള്ള കേരളത്തിൽ അവരുടെ ആശ്രിതരടക്കം 40 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതാണ്. ഒരു സ്ഥാപനത്തിൽ 10 തൊഴിലാളികളിൽ കുറയാതെ അംഗസംഖ്യയുണ്ടെങ്കിൽ ഇ.എസ്.ഐ സ്കീമിൽ ചേരണമെന്നാണ് നിബന്ധന. ഇപ്പോൾ ഒരു തൊഴിലാളി ഉണ്ടെങ്കിലും സ്കീമിൽ ചേരാമെന്നാണ് വ്യവസ്ഥ.
സംസ്ഥാനത്ത് ഇ.എസ്.ഐ കോർപ്പറേഷനു കീഴിലുള്ള ഏക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൊല്ലത്ത് ആശ്രാമത്താണ്. കൂടാതെ കൊല്ലം എഴുകോൺ, തിരുവനന്തപുരം പേരൂർക്കട, എറണാകുളം ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിൽ കോർപ്പറേഷൻ നേരിട്ട് നടത്തുന്ന മോഡൽ ആശുപത്രികളുമുണ്ട്. സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കേരളത്തിൽ 40 ഓളം ഇ.എസ്.ഐ ഡിസ്പൻസറികളുണ്ട്. ഇവിടെ നിന്ന് മരുന്ന് വാങ്ങാൻ ഹാജർ നിബന്ധന ബാധകമല്ല. ഇവിടങ്ങളിൽ നിന്നും മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന തൊഴിലാളികൾക്കും ആശ്രിതർക്കും വളരെ മെച്ചപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയാണ് ആശ്രാമത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് ലഭിക്കുന്നതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ചികിത്സയോടൊപ്പം സൗജന്യ ഭക്ഷണവും ലഭിക്കും. ആശുപത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായ കാർഡിയോളജി സ്വകാര്യ മേഖലയ്ക്കായി ഔട്ട് സോഴ്സിംഗ് നടത്തിയത് വിവാദമായെങ്കിലും കോർപ്പറേഷൻ അത് മുഖവിലയ്ക്കെടുത്തിട്ടില്ല.
തൊഴിൽരഹിത വേതനവും നൽകിയില്ല
കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അംഗങ്ങൾക്ക് തൊഴിൽ രഹിത വേതനം നൽകുമെന്ന പ്രഖ്യാപനവും നടപ്പായില്ല. വേതനം ലഭിക്കാൻ ജോലി നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞത് രണ്ട് വർഷം വരെ ഇ.എസ്.ഐ അംഗമായിരിക്കണമെന്ന വ്യവസ്ഥ ഒരു വർഷമായി കുറച്ചതല്ലാതെ വേതനം ഇതുവരെ ലഭിച്ചില്ല. ലോക്ക്ഡൗൺ കാലത്ത് ശമ്പളം നഷ്ടപ്പെട്ട ഇ.എസ്.ഐ അംഗങ്ങൾക്കെല്ലാം തൊഴിൽരഹിത വേതനം നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് അത് ജോലി നഷ്ടമായവർക്ക് മാത്രമായി ചുരുക്കി. ലോക്ക്ഡൗൺ കാലത്ത് മാസങ്ങളോളം തൊഴിൽ സ്ഥാപനങ്ങൾ അടച്ചിട്ടത് കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമായിരുന്നെങ്കിലും അതിന്റെ പേരിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക പരിഗണന നൽകാൻ ഇ.എസ്.ഐ കോർപ്പറേഷനോ കേന്ദ്ര സർക്കാരോ നടപടി എടുത്തിട്ടുമില്ല. ഇ.എസ്.ഐ കോർപ്പറേഷന് സഞ്ചിത ഫണ്ടായി ഒരു ലക്ഷം കോടി രൂപയിലേറെ ഉണ്ടെങ്കിലും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നൽകാതെ അവരെ കബളിപ്പിക്കുകയാണെന്ന ആക്ഷേപം നിലവിലുണ്ട്. ഇക്കാര്യം ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ പാർലമെന്റിൽ തൊഴിലാളി പാർട്ടികളെന്ന് അവകാശപ്പെടുന്ന കക്ഷികളുടെ പ്രതിനിധികൾ പോലും ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ ആർക്കും ഒരു താത്പര്യവും ഇല്ലെന്നതാണ് സ്ഥിതി.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയില്ല
ഇ.എസ്.ഐ കോപ്പറേഷന്റെ മെഡിക്കൽ കോളേജായിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന് വിട്ടു നൽകിയപ്പോൾ ഇ.എസ്.ഐ പരിരക്ഷയുള്ള ഒരു നിശ്ചിത ശതമാനം തൊഴിലാളികൾക്ക് സൗജന്യമായി വിദഗ്ധ ചികിത്സ നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. മെഡിക്കൽ കോളേജ് ഏറ്റെടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവത്തിനെതിരെ ഇപ്പോഴും പ്രതിഷേധം ഉയരുന്നുണ്ടെങ്കലും പാവങ്ങളായ തൊഴിലാളികൾക്ക് വേണ്ടി ആത്മാർത്ഥതയോടെ ശബ്ദം ഉയർത്താൻ ആരുമില്ലെന്ന സ്ഥിതിയാണ്. പാരിപ്പള്ളിയിൽ ഇ.എസ്.ഐ കോർപ്പറേഷൻ 500 കോടി രൂപയിലേറെ മുതൽ മുടക്കി നിർമ്മിച്ച കെട്ടിട സമുച്ചയങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറിയത്.