athiya

മുംബയ്: ഓഡി ക്യൂ സെവൻ സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ അതിയ ഷെട്ടി. 88.3 ലക്ഷം രൂപയാണ് ഓഡിയുടെ ഏറ്റവും പുതിയ മോഡലായ ക്യൂ സെവനിന്റെ ഇന്ത്യയിലെ വില. 79.9 ലക്ഷം രൂപയ്ക്ക് ഇതിന്റെ ബേസ് മോഡലും വിപണിയിൽ ലഭ്യമാണ്. ക്യൂ സെവനിന്റെ 55 TFSI ക്യൂ എന്ന വേരിയന്റാണ് അതിയ സ്വന്തമാക്കിയിരിക്കുന്നത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓഡിയുടെ ക്യൂ സെവൻ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പഴയ മോഡലിനെക്കാലും ആകർഷകമായ ലുക്കും നവീകരിച്ച ക്യാബിനും ബി എസ് 6 പെട്രോൾ എൻജിനും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.

335 ബി എച്ച് പി പവറും 500 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് ലിറ്റർ ടി എഫ് എസ് ഐ വി 6 എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. എട്ട് സ്പീഡ് ഗിയർ ബോക്സോട് കൂടി വരുന്ന ക്യൂ സെവൻ, ഹൈബ്രിഡ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ക്യൂ ഫൈവിൽ ഉള്ളതു പോലെ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന 48 വാൾട്ട് മോട്ടോറും ഇതിന്റെ എൻജിനിൽ ഘടിപ്പിച്ചിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ക്യൂ സെവനിന് വെറും 5.9 സെക്കൻഡ് മാത്രം മതിയെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മെഴ്സിഡസ് ബെൻസ് ജി എൽ എസ്, ബി എം ഡബ്ളിയു എക്സ് 7. വോൾവോ എക്സ് സി 90, ലാൻഡ് റോവർ ഡിസ്കവറി എന്നിവയാണ് ക്യൂ സെവനിന്റെ വിപണിയിലെ എതിരാളികൾ.