
മോസ്കോ : യുക്രെയിൻ - റഷ്യ അതിർത്തിയിൽ നിലവിൽ തുടരുന്ന എല്ലാ ട്രൂപ്പുകളെയും പിൻവലിക്കാൻ റഷ്യ തയാറാകണമെന്ന് യുക്രെയിൻ ആവശ്യപ്പെട്ടു. ഒരുവിഭാഗം സൈനികരെ യുക്രെയിൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് പിൻവലിക്കുന്നതായുള്ള റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രെയിന്റെ പ്രതികരണം. ' നിങ്ങൾ കേൾക്കുന്നത് വിശ്വസിക്കരുത്. എന്താണോ നിങ്ങൾ കാണുന്നത്, അത് വിശ്വസിക്കുക. സേനാപിൻമാറ്റം ഞങ്ങൾ കാണട്ടെ. സംഘാർഷവസ്ഥയിൽ ഒരു അയവ് വന്നതായി ഞങ്ങൾ അപ്പോൾ വിശ്വസിക്കും. " യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.
 യുക്രെയിൻ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം ട്രൂപ്പ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതായി റഷ്യ പറയുമ്പോഴും നീക്കത്തെ ജാഗ്രതയോടെയാണ് യൂറോപ്യൻ രാജ്യങ്ങൾ വീക്ഷിക്കുന്നത്.
 റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിൽ നടന്ന ചർച്ചകളിലൂടെ ഒരു സംഘർഷം ഒഴിവാക്കുന്നതിനുള്ള നയതന്ത്ര വഴി തുറക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. എന്നാൽ, പിൻമാറ്റ പ്രക്രിയയിൽ റഷ്യ സമ്മിശ്രമായ സൂചനകളാണ് നൽകുന്നത്. റഷ്യൻ സേന യുക്രെയിൻ അതിർത്തിയോട് കൂടുതൽ അടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. അതിർത്തിയ്ക്ക് സമീപം റഷ്യ ഫീൽഡ് ആശുപത്രികൾ നിർമ്മിക്കുന്നതായും സൂചനയുണ്ട്. ഒരു അധിനിവേശത്തിനുള്ള തയാറെടുപ്പെന്നേ ഇതിനെ വ്യാഖ്യാനിക്കാനാകൂ. - ബോറിസ് ജോൺസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി
 റഷ്യ തങ്ങളുടെ പ്രഖ്യാപനം നടപ്പിലാക്കി കാണിക്കണം. സംഘർഷ സാദ്ധ്യതയിൽ നിന്നുള്ള ശരിക്കുമുള്ള പിന്മാറ്റത്തിന്റെ ഓരോ ചുവടുകളും പ്രതീക്ഷയ്ക്കുള്ള കാരണമാണ്. നിലവിൽ പ്രഖ്യാപനങ്ങൾ മാത്രമേ ഉള്ളൂ. ഇത് തീർച്ചയായും പ്രാവർത്തികമാകണം. - അന്നലെന ബേർബോക്ക്, ജർമ്മൻ വിദേശകാര്യ മന്ത്രി
 സൈന്യത്തെ പിൻവലിക്കുന്ന റഷ്യൻ പ്രഖ്യാപനം ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമേകുന്നു. എന്നാൽ, അതിർത്തിയിൽ ശരിക്കും ഒരു പിന്മാറ്റം ഇതുവരെ പ്രകടമായിട്ടില്ല. യുക്രെയിൻ അതിർത്തിയിൽ റഷ്യൻ സൈനിക സാന്നിദ്ധ്യം കുറയുന്നതായുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല. എന്നാൽ, ഞങ്ങൾ നിരീക്ഷണം തുടരും. - ജെൻസ് സ്റ്റോൾട്ടെൻബർഗ്, നാറ്റോ സെക്രട്ടറി ജനറൽ
 നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. സേനാ പിന്മാറ്റം സംബന്ധിച്ച റഷ്യയുടെ അവകാശവാദങ്ങൾ യു.എസ് പരിശോധിക്കും. - ജൂലിയൻ സ്മിത്ത്, നാറ്റോയിലെ യു.എസ് അംബാസഡർ
  മഞ്ഞുരുകുമോ ? ഒരുമിച്ച് പ്രവർത്തിക്കാൻ തയാർ : പുടിൻ
മോസ്കോ : സുരക്ഷാ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കാനും ചർച്ചകളുടെ പാതയിലേക്ക് പോകാനും തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രെയിൻ അതിർത്തിയ്ക്ക് സമീപത്ത് നിന്ന് ഏതാനും ട്രൂപ്പുകൾ ബേസ് ക്യാമ്പുകളിലേക്ക് മടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മേഖലയിലെ സംഘർഷ സാദ്ധ്യതയിൽ അയവ് വരുത്തുന്ന തരത്തിലെ പുടിന്റെ പ്രതികരണം.
മോസ്കോയിൽ ഇന്നലെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പുടിന്റെ പ്രസ്താവന. ഷോൾസ് തിങ്കളാഴ്ച യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും ചർച്ച നടത്തിയിരുന്നു.
അതേ സമയം, യുക്രെയിൻ വിഷയത്തിൽ റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പുടിൻ ആവർത്തിച്ചു. ഒപ്പം, റഷ്യ മുന്നോട്ട് വച്ച ആവശ്യങ്ങൾക്ക് ക്രിയാത്മകമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.
അതിർത്തിയിലെ റഷ്യയുടെ സൈനിക പിൻമാറ്റ തീരുമാനത്തെ ഒലാഫ് ഷോൾസ് സ്വാഗതം ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശുഭസൂചനയാണിതെന്നും കൂടുതൽ പുരോഗതികൾ പ്രതീക്ഷിക്കുന്നതായും ഷോൾസ് പറഞ്ഞു. യൂറോപ്പിൽ സമാധാനം നിലനിറുത്തുന്നതിൽ റഷ്യ നിർണായക ഘടകമാണെന്നും ഷോൾസ് വ്യക്തമാക്കി.
യുക്രെയിന് ഭാവിയിൽ നാറ്റോ അംഗത്വം ലഭിക്കുമോ എന്ന വിഷയം ഇപ്പോൾ പരിഹരിക്കേണ്ടതുണ്ടെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയിൻ നാറ്റോയിൽ ചേരില്ല എന്ന ഉറപ്പാണ് സംഘർഷാവസ്ഥയുടെ തുടക്കം മുതൽ റഷ്യ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. യൂറോപ്പിന്റെ സുരക്ഷ, മിസൈൽ എന്നിവയെ സംബന്ധിച്ച് ചർച്ചകൾ നടത്താൻ റഷ്യ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു. അതേ സമയം, യുക്രെയിൻ അതിർത്തിയിൽ റഷ്യ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് ഭീഷണിയാണെന്നും യുക്രെയിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അതിനാൽ മേഖലയിൽ സേനാ പിന്മാറ്റം അനിവാര്യമാണെന്നും ഷോൾസ് കൂട്ടിച്ചേർത്തു. യൂറോപ്പിൽ വാതക വിതരണം ഉറപ്പാക്കാൻ തന്റെ രാജ്യം പ്രതിജ്ഞാബന്ധമാണെന്നും എന്നാൽ, യുക്രെയിന് നേരെ ആക്രമണമുണ്ടായാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും റഷ്യയ്ക്കും ജർമ്മനിയ്ക്കുമിടെയിലുള്ള നോർഡ് സ്ട്രീം 2 പൈപ്പ്‌ലൈനെ സംബന്ധിച്ച് നിലപാട് ഷോൾസ് വ്യക്തമാക്കി.
 സൈബർ ആക്രമണം
യുക്രെയിനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെയും രാജ്യത്തെ രണ്ട് ബാങ്കുകളുടെയും വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. സൈബർ ആക്രമണം യുക്രെയിനിയൻ സായുധസേനയുടെ വെബ്സൈറ്റിന്റെയും എം.ടി.എം, ബാങ്കിംഗ് സർവീസ് എന്നിവയുടെയും പ്രവർത്തനത്തെ ബാധിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
 താത്കാലികമായി യുക്രെയിൻ വിടണം : ഇന്ത്യൻ എംബസിയുടെ നിർദ്ദേശം
കീവ്: യുക്രെയിനിലുള്ള പൗരന്മാർ താത്കാലികമായി നാട്ടിലേക്ക് തിരികെയെത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി. യുക്രെയിനിൽ തുടരേണ്ട അത്യാവശ്യ സാഹചര്യമുള്ളവർ ഒഴിച്ച് വിദ്യാർത്ഥികളടക്കം താത്കാലികമായി രാജ്യം വിടുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്നലെ എംബസി പുറത്തുവിട്ട മാർഗനിർദ്ദേശ രേഖയിൽ വ്യക്തമാക്കുന്നു.
18,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയിൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, എൻജിനിയറിംഗ് കോഴ്സുകൾ പഠിക്കുന്നതായാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. യുക്രെയിനിലെ ഇന്ത്യക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിശദാംശങ്ങൾ എംബസിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ത്യൻ എംബസി അടച്ചിടില്ലെന്നും പൗരന്മാർക്കുള്ള സേവനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
യുക്രെയിന് മേൽ റഷ്യയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന പശ്ചാത്തലത്തിൽ യു.എസ്, കുവൈറ്റ്, സൗദി അറേബ്യ, ജോർദ്ദാൻ, യു.എ.ഇ, ഇസ്രയേൽ, ലിത്വാനിയ, ഇറാഖ്, നെതർലൻഡ്സ്, ജർമ്മനി, ബ്രിട്ടൺ, ന്യൂസിലൻഡ്, തായ്‌വാൻ, തുർക്കി, ഇറാൻ, സ്പെയ്‌ൻ, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ ഡസൻകണക്കിന് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ യുക്രെയിൻ വിടണമെന്ന നിർദ്ദേശവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.