
ലക്‌നൗ: ലഖിംപൂർ ഖേരി സംഭവത്തിൽ പ്രതിയായ ആശിഷ് മിശ്ര ജയിൽമുക്തനായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷിന് ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതോടെയാണ ജയിലിൽ നിന്ന് പുറത്തിറങ്ങാനായത്. അഞ്ച് മാസത്തെ തടവിന് ശേഷമാണ് ആശിഷിന് ജാമ്യം ലഭിച്ചത്.
കഴിഞ്ഞവർഷം ഒക്‌ടോബർ മൂന്നിനാണ് ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറി നാല് കർഷകർ മരിച്ചത്. അപകടമുണ്ടായ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നു. തുടർന്ന് നടന്ന ആക്രമണങ്ങളിൽ നാല് ബിജെപി പ്രവർത്തകരും മരണമടഞ്ഞു. ആശിഷ് വന്ന വാഹനങ്ങളും കർഷകർ തകർത്തിരുന്നു.
തുടർന്ന് ഒക്‌ടോബർ ഒൻപതിന് ആശിഷിനെ അറസ്‌റ്റ് ചെയ്‌തു. മൂന്ന് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തിലാണ് ഇന്ന് ആശിഷിന് മോചനം ലഭിച്ചത്. പഞ്ചാബിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആശിഷ് മിശ്രയ്‌ക്ക് ജാമ്യം അനുവദിക്കുന്നതിൽ പ്രതിഷേധിച്ച് കർഷകർ പ്രതിഷേധിച്ചിരുന്നു. കരിങ്കൊടി ഉയർത്തിയും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.