sexual-abuse-

ജാവ : ക്ലാസിലെ പതിമൂന്നോളം വിദ്യാർത്ഥികളെ പീഡിപ്പിക്കുകയും, എട്ടോളം വിദ്യാർത്ഥിനികളെ ഗർഭിണികളാക്കുകയും ചെയ്ത അദ്ധ്യാപകന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഇന്തോനേഷ്യയിലെ കോടതി. മുപ്പത്തിയാറുകാരനായ ഹെറി വിരാവാൻ എന്ന അദ്ധ്യാപകനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾ പീഡിപ്പിച്ചവരെല്ലാവരും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളായിരുന്നു. വെസ്റ്റ് ജാവയിലെ ബന്ദൂങ് ജില്ലാ കോടതിയാണ് അദ്ധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

രാജ്യത്ത് ഏറെ കോളിളക്കമുണ്ടായ കേസായിരുന്നു ഇത്. ദേശവ്യാപകമായി ജനരോഷം ഉയർന്നതോടെ പ്രസിഡന്റ് ജോക്കോ വിഡോഡോ കേസിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ഹെറി വിരാവാനെതിരെയുള്ള കേസ് ആദ്യം പൊലീസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലാണ് ഇയാൾ നടത്തിയ ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അഞ്ച് വർഷത്തിലേറെയായി സ്‌കോളർഷിപ്പിൽ സ്‌കൂളിൽ പഠിക്കുന്ന ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളിൽ പലരും അദ്ധ്യാപകന്റെ ചൂഷണത്തിന് ഇരയായിരുന്നു.

കോടതിയിൽ വിചാരണയിൽ പ്രോസിക്യൂഷൻ അദ്ധ്യാപകന് വധശിക്ഷ നൽകണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ മക്കളെ വളർത്താൻ അനുവദിക്കുന്നതിനായി പ്രതി ജഡ്ജിയോട് ഇളവ് ആവശ്യപ്പെട്ടു. ഇരകളായ പെൺകുട്ടികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിക്ക് കഠിനമായ ശിക്ഷ ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് ഇരകളിൽ ഒരാളുടെ കുടുംബാംഗം വിധിയോട് പ്രതികരിച്ചു. അതേസമയം ഇരകൾക്ക് നീതി ലഭിച്ചു എന്നാണ് വിധിയിൽ ഇന്തോനേഷ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ ചെയർമാന്റെ പ്രതികരണം.